ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു. ശനിയാഴ്ച 2329.96 ആണ് ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 അടിയുടെ കുറവാണുണ്ടായത്. മഴ കനിഞ്ഞില്ലങ്കിൽ വൈദ്യുതി ഉൽപാദനമടക്കം കടുത്ത പ്രതിസന്ധിയിലേക്ക് വരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളത്തിന്റെ കുറവാണുള്ളത്. 31 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളമാണ് വൈദ്യുതി ഉൽപാദനത്തിനു ഡാമിൽ അവശേഷിക്കുന്നത്. മഴയുടെ അളവിൽ 60 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ പ്രധാനകാരണം. ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്തെ വൈദ്യുതി ഉൽപാദനം നിർത്തിവെക്കേണ്ടിവരും.
670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ പ്രതിദിനം വേണ്ടത്. കഴിഞ്ഞ വർഷം ഈ സമയത്ത് 17 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നത്. ഇപ്പോൾ ആറ് ദശലക്ഷം യൂനിറ്റായി കുറച്ചു. ഇപ്പോഴത്തെ പ്രതിസന്ധിമൂലം ഒരു ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവെക്കാൻ വൈദ്യുതി ബോർഡ് ആലോചിക്കുകയാണ്. ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനം കൂട്ടി ഇടുക്കിയിൽ പരമാവധി വെള്ളം സംഭരിക്കാനും വൈദ്യുതി ബോർഡ് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. മിക്ക അണക്കെട്ടുകളിലും 20 മുതൽ 40 അടി വരെ കുറവുണ്ട്.
ഇടുക്കി അണക്കെട്ടിന്റെ ഡൈവേർഷൻ ഡാമുകളായ ഇരട്ടയാർ, വടക്കേപ്പുഴ, അഴുത, നാരകക്കാനം തുടങ്ങിയവയിലെല്ലാം ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.