തൊടുപുഴ: മുതിർന്ന സി.പി.എം നേതാവ് എം.എം. മണിയുടെ നിരന്തര വിമർശനങ്ങൾക്ക് പിന്നാലെ മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ പാർട്ടി ജില്ല നേതൃത്വവും.
ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ് മണിയുടെ വിമർശനങ്ങളെ ന്യായീകരിച്ചും രാജേന്ദ്രെൻറ നിലപാടുകളെ തള്ളിക്കളഞ്ഞും രംഗത്തെത്തിയത്. രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും അദ്ദേഹം സി.പി.െഎയിൽ ചേരുമെന്നും അഭ്യൂഹം ശക്തമായിരിക്കെയാണ് ജില്ല നേതൃത്വം നിലപാട് പരസ്യമാക്കിയത്. ഇതോടെ, പാർട്ടിയിൽ രാജേന്ദ്രെൻറ നില കൂടുതൽ പരുങ്ങലിലായി.
രാജേന്ദ്രനെ എം.എം. മണി സമ്മേളന വേദികളിൽ തുടർച്ചയായി കടന്നാക്രമിച്ചിട്ടും പാർട്ടി ഭരണഘടനക്കും പരിപാടിക്കും വിധേയമായി മാത്രമേ മണി പറഞ്ഞിട്ടുള്ളൂ എന്നാണ് ജില്ല സെക്രട്ടറിയുടെ നിലപാട്. ആക്ഷേപം പരിശോധിക്കാൻ കമീഷനെവെച്ചു എന്നതുകൊണ്ട് ആരും പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർ പാർട്ടി തീരുമാനിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പെങ്കടുക്കുകയാണ് വേണ്ടത്. നിരപരാധിയാണെങ്കിൽ അക്കാര്യം കമീഷനെ ബോധ്യപ്പെടുത്തണം. അല്ലാതെ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. നടപടിയെടുത്താൽപോലും പാർട്ടി ഘടകം തീരുമാനിക്കുന്ന പ്രവർത്തനങ്ങളിൽ അവർ സജീവമാകണം.
നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാവുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചില്ലെന്ന ആരോപണം രാജേന്ദ്രനെതിരെയുണ്ട്. ആക്ഷേപം വന്നാൽ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുന്നതാണ് പാർട്ടി രീതി. തൃപ്തികരമല്ലെങ്കിൽ കമീഷനെവെച്ച് പരിശോധിക്കും. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കുറ്റത്തിെൻറ അളവിനനുസരിച്ച് ശിക്ഷാ നടപടി ഉണ്ടാകും. ഇങ്ങനെ നിരവധി നേതാക്കൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ജയചന്ദ്രൻ ചൂണ്ടിക്കാട്ടി.
തനിക്കെതിരായ ചിലരുടെ ആസൂത്രിതനീക്കങ്ങൾക്കും എം.എം. മണിയുടെ പരസ്യവിമർശനങ്ങൾക്കുമെതിരെ ജില്ല കമ്മിറ്റിക്ക് കത്ത് നൽകിയിട്ട് ഒരു നടപടിയുമുണ്ടായില്ലെന്ന് രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജേന്ദ്രനോടുള്ള ജില്ല നേതൃത്വത്തിെൻറ നിലപാട് സെക്രട്ടറി തന്നെ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.