സംവിധായകൻ ദിലീഷ് നായർ ഇടുക്കിയെ കുറിച്ച് സംസാരിക്കുന്നു. ('ടമാർ പഠാർ' സിനിമയുടെ സംവിധായകനായ ദിലീഷ് നായർ സാൾട്ട് ആൻഡ് പെപ്പർ, ഇടുക്കി ഗോൾഡ്, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ സഹരചയിതാവായി പ്രവർത്തിക്കുകയും 22 ഫീമെയിൽ കോട്ടയം, വൈറസ്, അഞ്ചാം പാതിര, നാരദൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്)
ഇടുക്കിയുടേതായ പ്രത്യേകതകൾ ഒരുപാടുണ്ട്. മലിനീകരണം കുറവ്, ആളുകൾക്കിടയിൽ നല്ല ബന്ധങ്ങൾ, സമാധാനം നിറഞ്ഞ സാമൂഹിക ജീവിതം, എല്ലാവരെയും സ്വാഗതം ചെയ്യുന്ന മനോഭാവം ഇതെല്ലാം ഇടുക്കിയുടെ പൊതുസ്വഭാവത്തിലെ ഘടകങ്ങളാണ്. ഓരോ ഇടുക്കിക്കാരനും കർഷകന്റെ മനസ്സാണ്.
ഞാൻ ജനിച്ചതും വളർന്നതും തൊടുപുഴക്കടുത്ത് മണക്കാടാണ്. മണക്കാട് എൻ.എസ്.എസ് സ്കൂളിലും ന്യൂമാൻ കോളജിലുമാണ് പഠിച്ചത്. സിനിമയോട് ചെറുപ്പംമുതൽ താൽപര്യമുണ്ടായിരുന്നു. ഇടുക്കി നിരവധി സിനിമകളുടെ ലൊക്കേഷനായത് എനിക്ക് സിനിമയിലെത്താൻ സഹായകമായി. അതുവരെ ഞാൻ അനിമേഷൻ രംഗത്താണ് പ്രവർത്തിച്ചത്. ഇടുക്കിയിലെ ജനങ്ങൾ അധ്വാനശീലരും നിഷ്കളങ്കരുമാണ്. ഇടതൂർന്ന വനങ്ങളും ഇത്രയേറെ അണക്കെട്ടുകളും മനംകുളിർപ്പിക്കുന്ന കാലാവസ്ഥയുമെല്ലാം ഇടുക്കിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇതെല്ലാം എല്ലാക്കാലത്തും ഇങ്ങനെതന്നെ പരിരക്ഷിക്കപ്പെടണം. മഴക്കൊന്നും ഒരു പഞ്ഞവുമില്ലാത്തത് ഇടുക്കിക്ക് പ്രകൃതി നൽകിയ അനുഗ്രഹമാണ്. തമിഴ്നാട്ടിൽനിന്ന് യാത്രചെയ്ത് അതിർത്തി കടക്കുമ്പോൾ ഇടുക്കിയിലെ പ്രകൃതിയുടെ മാറ്റം ശരിക്കും തിരിച്ചറിയാം. വളരെ ഊഷരമായ ഭൂമിയിൽനിന്ന് പച്ചപ്പിന്റെ ഒരു തലോടലിലേക്ക് കടക്കുന്ന അനുഭവമാണത്.
ഇടുക്കിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പോകാൻ കഴിഞ്ഞിട്ടുണ്ട്. കൊട്ടക്കാമ്പൂരും പൈനാവുമെല്ലാം വളരെ ഇഷ്ടമാണ്. 24 ഡിഗ്രിയിൽ കൂടുതൽ താപനിലയില്ലാത്ത ഒട്ടേറെ സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. മഴയുടെയും തണുപ്പിന്റെയും വ്യത്യസ്ത അനുഭവങ്ങളാണ് ഇടുക്കിയിലെ ഓരോ പ്രദേശവും സമ്മാനിക്കുക. മനുഷ്യർക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലംകൂടിയാണ് ഇടുക്കി.
ജില്ലയിലെ അഞ്ച് താലൂക്കിനും അതിന്റേതായ പ്രത്യേകതകളുണ്ട്. സിനിമക്ക് അനുകൂലമായ ഒരുപാട് ഘടകങ്ങളുള്ള സ്ഥലംകൂടിയാണ് ഇടുക്കി. പട്ടണവും ഗ്രാമവും കാടുമെല്ലാം ചുരുങ്ങിയ ചെലവിൽ ചിത്രീകരിക്കാം. ഒരു നാടിന്റെ വളർച്ച എന്നത് ഒരിക്കലും ആ നാടിന്റെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാകരുത്. ഇടുക്കിയുടെ ഇനിയുള്ള വളർച്ച താനെ ഉണ്ടായിക്കൊള്ളും. ഒരു മെട്രോ നഗരമാക്കി ഇടുക്കിയെ മാറ്റണമെന്നൊന്നും വാദിക്കാനാവില്ല. ജനം ആഗ്രഹിക്കുന്ന വികസനമാണ് ഒരു നാടിനുണ്ടാകേണ്ടത്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് സർക്കാറുകളല്ല ആ നാട്ടിലെ ജനങ്ങളാണ് ഇനി തീരുമാനിക്കേണ്ടത്. നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച്, പ്രകൃതിയുടെ തനിമ നഷ്ടപ്പെടാത്ത വികസനം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.