അടിമാലി: ജില്ലയിൽ വന്യമൃഗശല്യം മൂലമുള്ള കൃഷിനാശത്തിനു പുറമേ മഞ്ഞളിപ്പ് അടക്കമുള്ള രോഗം ബാധിച്ച് കുരുമുളക്, കമുക് കൃഷികൾ നശിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഞ്ഞളിപ്പ് ബാധിച്ച് കമുക് വ്യാപകമായി നശിച്ചതിന് പുറമേയാണ് കുരുമുളക് കൃഷിയിടങ്ങളിലും രോഗം പടരുന്നത്. വർഷങ്ങൾക്ക് മുമ്പ് കുരുമുളക് തോട്ടങ്ങളെ തുടച്ചുനീക്കിയ ദ്രുതവാട്ടമെന്ന രോഗത്തിന് ശേഷം നിരന്തര അധ്വാനത്തിലൂടെ പിടിപ്പിച്ചെടുത്ത കുരുമുളക് വള്ളികൾ മഞ്ഞളിപ്പ് ബാധിച്ച് നശിക്കുന്നത് നോക്കിനിൽക്കാനേ കർഷകർക്കാകുന്നുള്ളൂ.
അടിമാലി, മാങ്കുളം, രാജാക്കാട് , രാജകുമാരി, കൊന്നത്തടി, വാത്തിക്കുടി, വെള്ളത്തൂവൽ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് മഞ്ഞളിപ്പ് ബാധിച്ച കൃഷിയിടങ്ങൾ ഏറെയും.
രോഗബാധക്ക് പുറമേ വിളയുടെ വിലയിടിവും കർഷകരുടെ നട്ടെല്ലൊടിക്കുന്നു. കുരുമുളകിനെ ബാധിക്കുന്ന രോഗങ്ങളെ പൂർണമായും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ ഇല്ലെങ്കിൽ ഭാവിയിൽ കുരുമുളക് ചെടി കൃഷിയിടങ്ങളിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് കർഷകർ പറയുന്നു. കമുങ്ങ് കൃഷി വലിയ തോതിൽ കുറഞ്ഞ ജില്ലയിൽ അവശേഷിക്കുന്നവയിലും രോഗ ഭീഷണിയിലാണ്.
കൊക്കൊ കൃഷിയിലും വലിയ തിരിച്ചടിയാണ് നേരിടുന്നത്. വെയിൽ കനത്തതോടെ പൂക്കൾ കൊഴിഞ്ഞ് വീഴുന്നതിന് പുറമെ കായ്കൾ കറുത്ത് നശിക്കുകയാണ്. വാഴ, തെങ്ങ്, മരച്ചീനി, ചേമ്പ്, കാച്ചിൽ, ചേന കൃഷിക്കാർ വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. ഇതോടെ ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യുന്ന കർഷകർ കൂടി. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.