പന്നിമറ്റം: വൈദ്യുതി ബില്ല് കുടിശ്ശികയായതിനെ തുടർന്ന് വെള്ളിയാമറ്റം വില്ലേജ് ഓഫിസിന്റെ ഫ്യൂസ് ഊരി. മൂന്നു മാസത്തെ ബിൽ തുകയായ 4495 രൂപ കുടിശ്ശിക വന്നതിനെത്തുടർന്നാണ് ഫ്യൂസ് ഊരിയത്. കണക്ഷൻ വിച്ഛേദിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും ഫ്യൂസുമായി വൈദ്യുതി ജീവനക്കാർ മടങ്ങി. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് വില്ലേജ് ഓഫിസിന്റെ ഫ്യൂസ് ഊരിയത്. ഇൻവെർട്ടർ സംവിധാനം ഉണ്ടായിരുന്നതിനാൽ ഓഫിസിലെത്തിയവർക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഓഫിസ് ജീവനക്കാർ കൈയിൽനിന്ന് പണം എടുത്ത് ബിൽ തുക അടച്ചെങ്കിലും വൈകീട്ടും കണക്ഷൻ പുനഃസ്ഥാപിച്ചില്ല.
വെള്ളിയാമറ്റം സർവിസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നിലവിൽ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇതിന്റെ വാടകയും നൽകിയിട്ടില്ല. റവന്യൂ വകുപ്പിന്റെ സ്വന്തം സ്ഥലത്ത് പ്രവർത്തിച്ചിന്ന കെട്ടിടം പൊളിച്ച് സ്മാർട്ട് വില്ലേജ് ഓഫിസ് പണിതു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ ബാക്കി സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ പണി പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ, വെള്ളിയാമറ്റത്തെ കെട്ടിടം പണി കഴിഞ്ഞ രണ്ട് വർഷത്തിലധികമായി അവതാളത്തിലാണ്. കെട്ടിടം പണി ഇനിയും വൈകുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.