അടിയന്തര ചികിത്സ ലഭ്യമാക്കുന്ന സർക്കാർ ആശുപത്രികളുടെ കാര്യത്തിൽ ജില്ല എത്രത്തോളം വളർന്നു എന്ന കാര്യത്തിൽ നിരാശയാണ് ഉത്തരം. പലർക്കും അയൽ ജില്ലകളായ കോട്ടയത്തെയും എറണാകുളത്തെയും ആശുപത്രികളെ ഇപ്പോഴും ആശ്രയിക്കേണ്ടിവരുന്നു. ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെയും കിടക്കകളുടെയും ആധുനിക ചികിത്സ സംവിധാനങ്ങളുടെയും കുറവ് ആശുപത്രികളിൽ ഇപ്പോഴും നിലനിൽക്കുന്നു. ജില്ലയിലെ പല സർക്കാർ ആരോഗ്യ കേന്ദ്രങ്ങളും അടിസ്ഥാനസൗകര്യങ്ങളിലും ജീവനക്കാരുടെ എണ്ണത്തിലും വളരെ പിന്നിലാണ്.
ചെറുതോണി: ഏറെ പ്രതീക്ഷയാണ് ഇടുക്കിക്കാർക്ക് മെഡിക്കൽ കോളജിനെക്കുറിച്ച്. പേര് മെഡിക്കൽ കോളജ് എന്നാെണങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അകലെയാണ്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് ഒരു പ്രധാന പ്രശ്നം.
നൂറ് ഡോക്ടർമാരെ നിയമിച്ചെങ്കിലും ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ളത് 25 ൽ താഴെ ഡോക്ടർമാർ മാത്രം. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം സ്കിൻ, അസ്ഥിരോഗവിഭാഗം മാനസിക ആരോഗ്യ വിഭാഗം എന്നിവയാണ് ഇപ്പോൾ ഇവിടെ പ്രവർത്തനമുള്ളത്. എന്നാൽ, ഇവിടെയൊന്നും ആവശ്യത്തിന് ഡോക്ടർമാരില്ല.
ഹൃദ്രോഗം, വൃക്കരോഗം, കാർഡിയോ തൊറാസിക് സർജറി, ന്യൂറോ സർജറി, ഉദരരോഗ വിഭാഗം, കാൻസർ തുടങ്ങിയ വിഭാഗങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതെല്ലാം തുടങ്ങണമെങ്കിൽ 200 ഡോക്ടർമാർ വേണ്ടി വരും. സൂപ്പർ സ്പെഷ്യാലിറ്റിയിലൊന്നും ഡോക്ടർമാരില്ലാത്ത സാഹചര്യമുണ്ട്. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വൈകീട്ട് ഡോക്ടർമാരില്ലെന്നും രോഗികൾ പറയുന്നു. വൈകുന്നേരം കഴിഞ്ഞാൽ ഒരു ഡോക്ടർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഇതുമൂലം ഹൈറേഞ്ച് മേഖലയിൽനിന്ന് അത്യാവശ്യത്തിന് ആശുപത്രിയിലേക്ക് വരുന്ന രോഗികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
മെഡിക്കൽ കോളജിന് അംഗീകാരം തിരിച്ചു കിട്ടിയപ്പോൾ ജില്ലയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയിലായിരുന്നു. പാവപ്പെട്ടവർക്ക് സ്വകാര്യ ആശുപത്രികളിൽ വിദഗ്ധ ചികിത്സക്ക് പോകാനുള്ള സാമ്പത്തികവുമില്ല. മെഡിക്കൽ കോളജ് വന്നതോടെ പണച്ചെലവില്ലാതെ നല്ല ചികിത്സ ലഭിക്കുമെന്ന് സാധാരണക്കാർ പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് ഫലം.
അത്യാഹിത വിഭാഗത്തിൽ ആകെ അഞ്ച് പേരാണ് ജോലി ചെയ്യുന്നത്. 11 പേർ വേണ്ടിടത്താണ് പകുതി പോലും ഇല്ലാത്തത്. ഉള്ളവർക്ക് പിടിപ്പത് ജോലിയുണ്ട്. വൈകീട്ട് വരെയുള്ള രണ്ട് ഷിഫ്റ്റിൽ രണ്ട് പേരേ വീതം നിയോഗിക്കുമ്പോൾ വൈകീട്ടത്തെ ഷിഫ്റ്റിൽ ഒരാളെ മാത്രമേ നിയോഗിക്കാൻ കഴിയുന്നുള്ളു. അത്യാഹിത വിഭാഗത്തിൽ വൈകീട്ട് നിൽക്കുന്ന ഒരു ഡോക്ടറെക്കൊണ്ട് നോക്കാൻ കഴിയാത്തത്ര രോഗികൾ ഈ സമയം വരുന്നുണ്ട്. കാത്തിരുന്ന് തളർന്ന് പലരും മടങ്ങിപ്പോകുന്നുമുണ്ട്. ചിലർ സ്വകാര്യ ആശുപത്രികളിൽ അഭയം പ്രാപിക്കും. പണമില്ലാത്തവർ വീട്ടിലേക്ക് തിരികെ പോയി പിറ്റേ ദിവസം ഒ.പി. സമയത്തെത്തി ഡോക്ടറെ കാണും. അതുവരെ അസുഖത്തിന്റെ അവശതകൾ സഹിച്ചിരിക്കണം. പലരും രോഗം മൂർച്ഛിച്ചവരായിരിക്കും. മറ്റു ജീവനക്കാരും കുറവാണ്. 23 നഴ്സുമാർ വേണ്ടിടത്ത് ഒമ്പതു പേരാണുള്ളത്. 28 നഴ്സിങ് അസിസ്റ്റൻറുമാർ വേണ്ടിടത്ത് എട്ടുപേർ. 24 അറ്റൻഡർമാർ ഉെണ്ടന്നാണ് കണക്കെങ്കിലും മിക്കവാറും ഹാജരുള്ളത് 10ൽ താഴെ പേർ മാത്രം. ഒരു വാർഡിൽ ഒരു അറ്റൻഡർ വീതമെങ്കിലും വേണം. മുറിവുകൾ കഴുകിക്കെട്ടുക രോഗികളെ വാർഡിലേക്കു കൊണ്ടു പോകുക അത്യാഹിത വിഭാഗത്തിൽ രോഗികളോടൊപ്പം നിൽക്കുക തുടങ്ങിയ ജോലികൾ അറ്റൻഡർമാരാണ് ചെയ്യേണ്ടത്. ഈ പണികൾ ചെയ്യുന്നത് മിക്കപ്പോഴും രോഗികളുടെ ബന്ധുക്കളായിരിക്കും. മെഡിക്കൽ കോളജിലെ അധ്യയന വിഭാഗത്തിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലായി 50 ഡോക്ടർമാരുെണ്ടന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
നിർധനരായ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ കഷ്ടത അനുഭവിക്കുന്നത്. അതിനാൽ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം എല്ലാ സമയത്തും കിട്ടുന്ന രീതിയിൽ ക്രമീകരണം ഒരുക്കണമെന്നാണ് ആവശ്യം. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവുണ്ടെന്നും മെഡിക്കൽ കോളജിലെ അധ്യാപന വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം കൂടി ആശുപത്രിയിൽ ലഭിച്ചാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാൻ കഴിയും.
കെട്ടിടങ്ങളുടെ അകലവും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. താഴെ ബ്ലോക്കിൽ കിടക്കുന്ന രോഗികളെ എക്സ് റേ തുടങ്ങിയ പരിശോധനകൾക്കായി പുതിയ ബ്ലോക്കിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി പരിശോധന കഴിഞ്ഞു തിരികെ കൊണ്ടു വരണം. എല്ലാം ഒരു കെട്ടിടത്തിലാക്കണമെന്നാണ് ആവശ്യം. ഇപ്പോൾ നൂറ് വിദ്യാർഥികളാണുള്ളത്. അടുത്ത അധ്യയന വർഷം മുതൽ കുട്ടികളുടെ എണ്ണം 200 ആകും. കുട്ടികളെ എവിടെ താമസിപ്പിക്കും എന്നതാണ് അധികൃതരെ അലട്ടുന്ന മറ്റൊരു തലവേദന.
(തുടരും...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.