ചെറുതോണി: വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകന്റെ വീട് നശിപ്പിച്ച് വീട്ടിൽ സൂക്ഷിച്ച കാപ്പി, കുരുമുളക് എന്നിവയും വീട്ടുപകരണങ്ങളും കൊണ്ടുപോയതായി പരാതി. പാൽക്കുളംമേടിന് സമീപം 50 വർഷത്തിലധികമായി താമസിക്കുന്ന കുത്തനാപള്ളിൽ നിജോ പോളിന്റെ വീട്ടിലാണ് അതിക്രമം നടത്തിയത്.
കഞ്ഞിക്കുഴി പഞ്ചായത്തിൽ പാൽക്കുളംമേടിന് പോകുന്ന വഴിയരികിൽ 50 വർഷമായി താമസിക്കുന്ന വീട് വനഭൂമിയിലാണെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിക്കുകയായിരുന്നുവെന്ന് നിജോ പോൾ പറയുന്നു. നിജോ പോളിന് വർഷങ്ങൾക്ക് മുമ്പ് കുടുംബസ്വത്തായി കിട്ടിയ ഭൂമിയാണ് ഇത്. പഞ്ചായത്തിൽ വീടിന്റ കരം ഉൾപ്പെടെ അടച്ചു വരുന്നുണ്ട്.
പാൽക്കുളംമേട് പ്രദേശത്ത് നിരവധി പേരെ മുമ്പും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയിരുന്നു. താമസിക്കാൻ തനിക്ക് മറ്റിടം ഇല്ലെന്നും വാടകവീട്ടിലാണ് കഴിയുന്നതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കലക്ടർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥൾക്കും ഉള്‍പ്പെടെ പരാതി നൽകിയതായി നിജോ പോൾ പറഞ്ഞു.
എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണന്ന് നഗരംപാറ റേഞ്ച് ഓഫിസർ പറഞ്ഞു. ഇയാൾ വനം കൈയേറിയതാണ്. ഇയാൾക്കെതിരെ വനം വകുപ്പ് മൂന്ന് കേസ് എടുത്തിട്ടുണ്ട്. കഞ്ഞിക്കുഴി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ജനവാസമേഖലയിൽനിന്ന് നാല് കിലോമീറ്റർ ഉള്ളിലേക്കുമാറി കാട്ടിലാണ് ഇയാൾ കൈയേറിയ സ്ഥലമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.