തൊടുപുഴ: പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് മടങ്ങിയ താലൂക്ക് സർവേയറുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തൊടുപുഴ താലൂക്ക് സര്‍വേയർ ഏനാനല്ലൂര്‍ അമ്പാട്ടുമോളയില് അജിത പുരുഷോത്തമന്റെ 2,82,000 രൂപയുടെ 45 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് സ്വകാര്യ ബസില്‍വെച്ച് അപഹരിച്ചത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് സ്ത്രീകളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
15ന് മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടന്ന താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഉച്ചക്ക് ഒന്നരയോടെ മങ്ങാട്ടുകവലയിലുള്ള സെന്‍ട്രല്‍ ബാങ്കില്‍ പോകുന്നതിനായി അജിത വെങ്ങല്ലൂര്‍ ഷാപ്പുംപടി ഭാഗത്തുനിന്ന് സ്വകാര്യ ബസില്‍ കയറി കാഞ്ഞിരമറ്റം ജങ്ഷനിലിറങ്ങി.പിന്നീട് മങ്ങാട്ടുകവലയിലുള്ള ബാങ്കിലെത്തി ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനായി ബാഗ് തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടമായെന്ന് മനസ്സിലായത്.
പിന്നീട് തൊടുപുഴ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. തിരക്കുള്ള ബസില്‍ കയറിയതിനാല്‍ ആഭരണങ്ങള്‍ കൈയില്‍നിന്ന് നഷ്ടമായെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഇവര്‍ നടത്തിയ പരിശോധനയില്‍ ചില കടകളില്‍നിന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതില്‍ സംശയാസ്പദമായ നിലയില്‍ മാസ്ക് ധരിച്ച് വേഗത്തിൽ നടന്നുപോകുന്ന മൂന്നു സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി.
ബസില്‍നിന്നിറങ്ങിയ ഇവര്‍ തിരിഞ്ഞുനോക്കി വേഗത്തില്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ ഓട്ടോയിലാണ് നഗരത്തില്‍നിന്ന് പോയതെന്ന് വ്യക്തമായി. സ്ത്രീകളെ മുട്ടം ടൗണില്‍ ഇറക്കിവിട്ടതായാണ് ഓട്ടോ ഡ്രൈവറുടെ മൊഴി നല്കി. ഡിവൈ.എസ്.പി എം.ആര്. മധുബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.