തൊടുപുഴ: ഉയർന്നുനിൽക്കുന്ന ഇന്ധനവിലയും അടിക്കടി വർധിക്കുന്ന പാചകവാതക വിലയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. അടുക്കള മുതൽ സമസ്ത മേഖലകളിലും പ്രതിസന്ധി നിലനിൽക്കുന്നു.
സാധാരണക്കാരുടെ വരുമാനത്തിെൻറ മുക്കാൽ ഭാഗവും ഇന്ധനത്തിനും പാചകവാതകത്തിനുമായി മാറ്റിവെക്കേണ്ട സാഹചര്യമാണ് ഇപ്പോൾ. കോവിഡും ലോക്ഡൗണും ഏൽപിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് എങ്ങനെയെങ്കിലും കരകയറാമെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് വിലക്കയറ്റത്തിെൻറ ദുരിതംകൂടി ജനം അനുഭവിക്കുന്നത്.
അടുക്കളക്ക് തീപിടിക്കുന്നു
പാചക വാതകത്തിെൻറ വിലവർധന കുടുംബത്തിെൻറ ദൈനംദിന െചലവിലും വലിയ വർധനയാണുണ്ടാക്കുന്നുണ്ട്. എല്ലാ ദിവസവും ജോലി എന്ന രീതിയിലേക്ക് കോവിഡിനുശേഷം കൂലിപ്പണിക്കാരടക്കം എത്തിയിട്ടില്ല. നിത്യെചലവുപോലും പലപ്പോഴും കടം വാങ്ങിയും മറിച്ചുമൊക്കെയാണ് മുന്നോട്ടുപോകുന്നത്. ഇതിനിടെ, തുടർച്ചയായി ഉണ്ടാകുന്ന പാചകവിലയിലെ വർധന കുടുംബ ബജറ്റിനെതന്നെ തകിടം മറിക്കുകയാണെന്ന് വീട്ടമ്മമാർ ചൂണ്ടിക്കാട്ടുന്നു. വിറക് വാങ്ങി കത്തിക്കാമെന്ന് വിചാരിച്ചാൽ കിട്ടാനില്ലാത്ത സാഹചര്യം. ഇതിന് പിന്നാലെ വീട്ടിലേക്കുള്ള സാധനങ്ങളുടെ വിലയിലും വലിയ വർധനയുണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വീടെന്ന സ്വപ്നത്തിനും വിലങ്ങുതടി
സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിനും ഇന്ധനവില വർധന വിലങ്ങുതടിയായിട്ടുണ്ട്. കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വില ഉയരങ്ങളിലാണ്. സിമൻറ്, കമ്പി, ഇരുമ്പുൽപന്നങ്ങൾ എന്നിവയുടെയെല്ലാം വില വർധിച്ചു.
നേരേത്ത ചാക്കിന് 370 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 430 ആയാണ് ഉയർന്നത്. വിലക്കയറ്റം എല്ലാ വിഭാഗത്തിലുമുള്ള ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങളുടെയും വില കുതിക്കുകയാണ്. ഒരാഴ്ചക്കിടെ എട്ട് മുതൽ 10രൂപയുടെ വരെ വില വർധനയുണ്ടായി. കമ്പിയുടെ വില കഴിഞ്ഞ വർഷേത്തതിെൻറ ഇരട്ടിയോളമായി. പൈപ്പ് വില 25 ശതമാനം വർധിച്ചു. കോവിഡ് പ്രതിസന്ധികൾ അതിജീവിക്കുന്നതിനിടെ ഉണ്ടാകുന്ന വലിയ വിലക്കയറ്റം നിർമാണമേഖലയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണ്. ഇന്ധനവില ദിേനന കുതിച്ചുയരുന്നത് ചരക്കുനീക്കത്തെയടക്കം ബാധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഒട്ടേറെ പേർക്ക് വീടിെൻറ നിർമാണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
ടാക്സി തൊഴിലാളികളുടെ ജീവിതചക്രം പിന്നോട്ട്
ജില്ലയില്‍ സ്വകാര്യബസ്, ഓട്ടോ, ടാക്സി മേഖല എന്നിവ കോവിഡിെൻറ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇളവുകളിൽ വളരെ സന്തോഷത്തോടെയാണ് ഇവർ എത്തിയതെങ്കിലും ഓരോ ദിവസവും ഇന്ധനവില കൂടുന്നത് ഇവരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ടാക്സി ഡ്രൈവര്‍മാർ ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന് തത്രപ്പാടിലാണ്. ഇപ്പോള്‍തന്നെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇവർ പറയുന്നു.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർക്കും ഇന്ധനവില വർധന കനത്ത ആഘാതമാണ് ഏല്പിക്കുന്നത്. ടൗണുകളില്‍ രാവും പകലും കാത്തുകിടന്നാല്‍ ഓട്ടം പരിമിതമായി മാത്രമാണ് ലഭിക്കുന്നത്. പിടിച്ചുനില്ക്കാന് പെടാപാട് പെടുകയാണെന്നും ഇവർ പറയുന്നു.
പറപറന്ന് ഇറച്ചിക്കോഴി വില
തീറ്റവില കുതിച്ചുയര്‍ന്നതോടെ ഇറച്ചിക്കോഴിക്ക് തീവില. ശനിയാഴ്ച ഹൈറേഞ്ചില്‍ വിവിധ ഇടങ്ങളില്‍ 145 മുതല്‍ 155 രൂപവരെയാണ് കോഴിവില. ഒരാഴ്ചക്കിടെ കോഴിത്തീറ്റയുടെ വില 100 രൂപയോളം ഉയര്‍ന്നു. 50 കിലോ ചാക്കിന് 2150 രൂപയാണ് വില. ഇതോടെ കോഴി ഫാമുകള്‍ കര്‍ഷകര്‍ അടച്ചിടുകയാണ്. ഇപ്പോള്‍ ഹൈറേഞ്ചിലേക്ക് പ്രധാനമായി ഇറച്ചിക്കോഴി എത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. കോഴിമുട്ടക്കും വില ഉയര്‍ന്നു. ചില്ലറ കോഴിവ്യാപാരികള്‍ ലാഭം കുറച്ച് വില്പന നടത്തി പിടിച്ചുനില്ക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും കര്‍ഷകസമരം മൂലം കോഴിത്തീറ്റയുടെ അസംസ്കൃത വസ്തുക്കളായ ചോളവും സോയബീന്‍സും ലഭ്യമല്ലാതെ വന്നതോടെയാണ് കോഴിത്തീറ്റ വില കുതിച്ചത്.
പ്രഹരമായി പച്ചക്കറി വിലവർധന
ഇന്ധന-പാചകവാതക വില വര്‍ധനയില്‍ നട്ടംതിരിയുന്ന ജനത്തിന് ഇരട്ടി പ്രഹരമായി പച്ചക്കറി വിലയും വർധിക്കുകയാണ്. സവാള, തക്കാളി, പയർ, മുരിങ്ങക്കായ, ബീൻസ്, കാരറ്റ് എന്നിവയുടെ വില ഉയർന്നുകഴിഞ്ഞു. ഇരട്ടിയിലധികമാണ് ഒരാഴ്ചക്കിടെ വില വര്‍ധിച്ചത്. കോവിഡില്‍നിന്ന് കരകയറി സാധാരണജീവിതത്തിലേക്ക് ജനം കടക്കുന്നതിനിടെയാണ് വിലക്കയറ്റം പൊറുതിമുട്ടിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായാണ് പച്ചക്കറികളുടെ വില ഉയരാന്‍ തുടങ്ങിയത്. ഒരാഴ്ച മുമ്പ് സവാള കിലോക്ക് 30 രൂപയായിരുന്നു വില. ഇപ്പോഴത്തെ വില ചില്ലറ വിപണിയില്‍ 45 രൂപക്ക് അടുത്താണ്. 13 രൂപ ഉണ്ടായിരുന്ന തക്കാളി 45നടുത്തെത്തി.
35 രൂപയുണ്ടായിരുന്ന മുരിങ്ങക്കായുടെ വില കിലോക്ക് 60ന് മുകളിലെത്തി. പയർ, കാരറ്റ്, ബീൻസ് എന്നിവയുടെ വിലയും ഇരട്ടിയായി. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.