വെള്ളത്തൂവലിലാണ് ഞാൻ ജനിച്ചത്. പിന്നീട് അടിമാലി ഇരുപതേക്കറിലേക്ക് മാറി. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് പിന്നീട് പല സ്ഥലങ്ങളിൽ മാറിമാറി താമസിക്കേണ്ടിവന്നു. വർഷങ്ങൾക്കുശേഷം വീണ്ടും കുറച്ചുകാലം ഇടുക്കിയിലേക്ക് തിരിച്ചെത്തി. അന്ന് വെൺമണിയിലായിരുന്നു താമസം. ഇപ്പോൾ എറണാകുളത്ത് ജീവിക്കുന്നു.
ഇടുക്കിയുമായി ബന്ധപ്പെട്ട് എനിക്കുള്ളതെല്ലാം നല്ല ഓർമകൾ മാത്രമാണ്. സാഹിത്യ, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന അച്ഛൻ രേഖ വെള്ളത്തൂവൽ അടിമാലി ഇരുപതേക്കറിൽ ഞങ്ങൾ താമസിച്ചിരുന്നിടത്ത് 'സ്നേഹദ്വീപ് പേരിൽ ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. അതൊരു വലിയ ഒത്തുചേരലായിരുന്നു.
കുറെ കുടുംബങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമായി. അവരുടെയൊന്നും വീടുകളുടെ കതകുകൾ അടക്കാറുണ്ടായിരുന്നില്ല. കുട്ടികൾ ഏതെങ്കിലും വീട്ടിൽ അന്തിയുറങ്ങും. ഏതെങ്കിലും വീട്ടിൽനിന്ന് ഭക്ഷണം കഴിക്കും. എല്ലാ വീടും എല്ലാവരുടേതും എന്ന സമത്വവും സാഹോദര്യവും നിറഞ്ഞ മനോഹര സങ്കൽപമായിരുന്നു അത്. ഒട്ടേറെ സവിശേഷതകൾകൊണ്ട് ആ കൂട്ടായ്മ വാർത്തകളിൽ ഇടംപിടിക്കുകയും പൊതുസമൂഹത്തിൽ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. മാസത്തിലൊരിക്കൽ കുടുംബമേളയും വർഷത്തിലൊരിക്കൽ വിപുല കൂടിച്ചേരലുമുണ്ടാകും. ഊഴമിട്ട് ഓരോ തവണയും ഓരോ വീട്ടിലാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുക. ഈയൊരു പശ്ചാത്തലമൊക്കെ സിനിമയിലേക്ക് വരാൻ എനിക്ക് പ്രചോദനമായിട്ടുണ്ട്.
പല ദേശങ്ങളിൽനിന്ന് കുടിയേറി പാർത്തവരുടെ വ്യത്യസ്ത ജീവിതശൈലികളും സാമൂഹികജീവിതവും സംഗമിച്ചുണ്ടായതാണ് ഇടുക്കിയുടെ സംസ്കാരം. അതിനും അതിന്റേതായ പാരമ്പര്യമുണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വെൺമണി എന്ന സ്ഥലം എനിക്ക് ഏറെ ഇഷ്ടമുള്ളതായിരുന്നു. അന്ന് അവിടെ നല്ല കാലാവസ്ഥയായിരുന്നു. കുന്നും മലകളും പാടവും കൃഷിയിടങ്ങളുമെല്ലാമുള്ള ഒരു തനി നാട്ടുംപുറം. ആ നാട്ടിൽ കണ്ടുമുട്ടിയ കുറെ ആളുകളുടെ സ്വഭാവ സവിശേഷതകൾ കൂട്ടിച്ചേർത്താണ് ഞാൻ സംവിധാനം ചെയ്ത 'പാപ്പി അപ്പച്ചാ' സിനിമയിലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്.
അത്തരമൊരു കഥാപാത്രം ദിലീപിനും ഏറെ പുതുമയുള്ളതായിരുന്നു. ചലച്ചിത്ര മേഖലയിലെ കൂടുതൽ സാധ്യതകൾ പരിഗണിച്ചാണ് താമസം എറണാകുളത്തേക്ക് മാറ്റിയത്. എങ്കിലും എന്റെ ബാല്യ, കൗമാര സ്മരണകളിൽ ഇടുക്കി എന്നും നിറഞ്ഞുനിൽക്കുന്നു.
(പാപ്പി അപ്പച്ചാ, മാന്നാർ മത്തായി സ്പീക്കിങ് 2, സിനിമ കമ്പനി എന്നീ ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് മമാസ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.