കട്ടപ്പന: അവധിക്കാലം ആഘോഷിക്കാൻ വിനോദസഞ്ചാരികൾ ഇടുക്കിയിലേക്ക് ചേക്കേറിയതോടെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിലും തിരക്കേറി. നൂറുകണക്കിനാളുകളാണ് ദിനേന ഇവിടെയെത്തുന്നത്. തൂക്കുപാലത്തിൽ നിന്നുള്ള ഇടുക്കി ജലാശയത്തിന്റെ വിദൂര കാഴ്ചകളാണ് സന്ദർശകർക്ക് ഏറെ പ്രിയം. അവധിക്കാലമായതോടെ സന്ദർശകർ കൂടുതൽ എത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ജലാശയത്തിന് കുറുകെ അയ്യപ്പൻകോവിൽ- കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 2012-13ലാണ് 2.05 കോടി രൂപ ചെലവഴിച്ച് 200 മീറ്റർ നീളത്തിൽ ജില്ല റിവർ മാനേജ്മെന്റ് തൂക്കുപാലം നിർമിച്ചത്.
‘ലൈഫ് ഓഫ് ജോസൂട്ടി’ ഉൾപ്പെടെ നിരവധി സിനിമകളിൽ അയ്യപ്പൻകോവിലും തൂക്കുപാലവും ലൊക്കേഷനായതോടെ സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങി. കൂടാതെ പുരാതന അയ്യപ്പൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിലേക്കും ഇതുവഴിയാണ് കടന്നുപോകുന്നത്. നിർമാണശേഷം അറ്റകുറ്റപ്പണി നടത്താത്തതിനാൽ തൂക്കുപാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. നട്ടും ബോൾട്ടും അയഞ്ഞും കൈവരികൾ ഉൾപ്പെടെ തുരുമ്പെടുത്ത നിലയിലുമാണ്. ഒരേസമയം 40 പേർക്ക് മാത്രമാണ് പാലത്തിൽ പ്രവേശനം. എന്നാൽ, മുന്നറിയിപ്പ് അവഗണിച്ച് തിരക്കേറിയ സമയങ്ങളിൽ 60ൽപരം പേരാണ് കയറുന്നത്. സന്ദർശകരെ നിയന്ത്രിക്കാൻ ഇവിടെ ആരുമില്ല.
പലപ്പോഴും നാട്ടുകാരുടെ നിർദേശങ്ങൾ പോലും കണക്കിലെടുക്കാതെ ആളുകൾ പാലം ശക്തിയായി കുലുക്കുന്നതായി പരാതിയുണ്ട്. കൂടാതെ തുരുമ്പെടുത്ത കൈവരികളിൽ കയറിനിന്ന് ചിത്രങ്ങൾ പകർത്തുന്നതും പതിവാണ്. തൂക്കുപാലം നിർമിച്ച കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെ.ഇ.എൽ) അറ്റകുറ്റപ്പണിക്കായി അയ്യപ്പൻകോവിൽ പഞ്ചായത്തിനുവേണ്ടി എസ്റ്റിമേറ്റ് തയാറാക്കുകയും ജില്ല റിവർ മാനേജ്മെന്റ് 22.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.