ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കട്ടപ്പനയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു

കട്ടപ്പന: നഗരത്തിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധനയുമായി നഗരസഭ ആരോഗ്യവിഭാഗം. വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കാഞ്ചിയാർ പഞ്ചായത്തിലും മിന്നൽ പരിശോധന നടന്നു. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലാണ് ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ ടാങ്കിൽ കുടിവെള്ളം ശേഖരിച്ച പുതിയ ബസ് സ്റ്റാൻഡിലെ ഹോട്ടൽ ശ്രീമഹി, പഴകിയ ഭക്ഷണം കണ്ടെത്തിയ കുമളി റോഡിലുള്ള ഹോട്ടൽ ഓറഞ്ച്, പള്ളിക്കവലയിലെ പോർഷ് ഗ്രിൽ എന്നീ സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കി.

രാവിലെ ആറ് മുതൽ ഒമ്പതുമണിവരെയാണ് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത്കുമാറി‍െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഹോട്ടൽ ശ്രീമഹി രാവിലെ പൂട്ടിച്ചിരുന്നെങ്കിലും കുടിവെള്ള ടാങ്ക് വൃത്തിയാക്കിയ സാഹചര്യത്തിൽ ഉച്ചക്കുശേഷം തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. ടൗണിനുള്ളിലെ പത്തോളം ഭക്ഷണശാലകളിലായിരുന്നു പരിശോധന. ഹൈകോടതി നിർദേശപ്രകാരം ഭക്ഷ്യസുരക്ഷ വകുപ്പി‍െൻറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കട്ടപ്പനയിലെ മിന്നൽ പരിശോധന.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ റെയ്ഡിൽ ഒട്ടേറെ ഹോട്ടലുകൾക്ക് താക്കീത് നൽകിയിരുന്നു. ചില ഹോട്ടലുകൾ മതിയായ രേഖകൾ പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് അന്ത്യശാസനം നൽകി. പിഴയീടാക്കിയ ഹോട്ടലുകളിൽനിന്ന് ഇനിയും പഴകിയ പദാർഥങ്ങൾ പിടിച്ചെടുത്താൽ ലൈസൻസ് അടക്കം റദ്ദുചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാഞ്ചിയാർ പഞ്ചായത്തും ആരോഗ്യവിഭാഗവും നരിയംപാറ മുതൽ സ്വരാജ് വരെയുള്ള ഭക്ഷണശാലകളിൽ പരിശോധന നടത്തി. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് യേശുദാസി മേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. ബിനോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.