കട്ടപ്പന: 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമിക്ക് പട്ടയം നൽകുന്നത് ഹൈകോടതി തടഞ്ഞതോടെ ജില്ലയിലെ പട്ടയ നടപടികൾ വീണ്ടും നിയമക്കുരുക്കിൽ. വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ ഹരജിയിൽ മൂന്നാർ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈകോടതി പ്രത്യേക ബെഞ്ചിെൻറ നടപടിയാണ് ഇടുക്കി താലൂക്കിലുള്ളവർക്കും തിരിച്ചടിയായത്.
1964ലെ ഭൂപതിവു ചട്ടം 11 വകുപ്പു പ്രകാരം അസൈൻമെന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത ഭൂമി പതിച്ച് കൊടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടത്തി. ഇപ്രകാരം നൽകിയപട്ടയത്തിന്റെ നിയമസാധുത സംബന്ധിച്ച് റിപ്പോർട്ടു ഹാജരാക്കാനാണ് ചീഫ് സെക്രട്ടറിക്കും ഇടുക്കി കലക്ടർക്കും നോട്ടീസ് നൽകിയത്.
വിധി ഇടുക്കി താലൂക്കിലും ബാധകമാകും. കോടതിയിൽ ഹരജി നൽകിയ കാലഘട്ടത്തിൽ ഇടുക്കി താലൂക്ക് ഉടുമ്പൻചോല താലൂക്കിന്റെ ഭാഗമായിരുന്നു. അതിനാലാണ് കോടതി വിധി ഇടുക്കി താലൂക്കിനും ബാധകമായത്.
1964ലെ ഭൂപതിവു റൂളിലെ നാലാം വകുപ്പ് അനുസരിച്ച് വ്യക്തി ഗത കൃഷിക്കും വീടുകൾ നിർമിക്കുന്നതിനും ബനഫിഷൽ എൻജോയ്മെന്റിനുമാണ് ഭൂമി പതിച്ചു നൽകേണ്ടത്. റൂൾ അഞ്ച് അനുസരിച്ച് 1964 വരെ കൈയേറി കൈവശം വെച്ച ഒരേക്കർ വ രെ ഭൂമിക്കാണ് പട്ടയം നൽകാൻ വ്യവസ്ഥയുള്ളത്.
ഇത് പിന്നീട് മലമ്പ്രദേശത്ത് ഒരേക്കറായും മലമ്പ്രദേശമല്ലാത്ത സ്ഥലത്ത് 50 സെന്ററായും ഭേദഗതി വരുത്തിയിരുന്നു. ഇതിലെ ഏഴാം വകുപ്പ് ഭേദഗതി ചെയ്ത് 1971ന് മുമ്പുള്ള കൈയേറ്റക്കാർക്ക് പട്ടയത്തിന് അവകാശമുണ്ടെന്നും നിയമമാക്കി. ഹൈകോടതിക്ക് മുന്നിൽ വന്നിട്ടുള്ള നിരവധി കേസുകളിൽ 1964ന് ശേഷം നടന്ന കൈയേറ്റങ്ങളിൽ പൊതുതാൽപര്യം ഇല്ലാത്തതും അസൈൻമെന്റ് ലിസ്റ്റിൽ ഉൾപ്പെടാത്തതുമായ സർക്കാർ ഭൂമിയും പതിച്ചു കൊടുത്തിട്ടുണ്ട്.
തൊടുപുഴ: ഇടുക്കിയിലെ പട്ടയനടപടികൾ വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങിയതോടെ മുന്നണികൾ തമ്മിലുള്ള വാക് പോരും രൂക്ഷമായി. 1964 ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ വിതരണം നിർത്തിവെക്കണമെന്ന ഹൈകോടതി ഉത്തരവിന് കാരണം കേസ് നടത്തിപ്പിലെ വീഴ്ചയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
നിയമ ഭേദഗതി ബിൽ ഗവർണർ തടഞ്ഞുവെച്ചത് സ്ഥിതി സങ്കീർണമാക്കിയെന്നാണ് സി.പി.എം നിലപാട്.
തടസ്സം മറികടക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് സി.പി.ഐ യും വ്യക്തമാക്കി. കൈയേറ്റ ഭൂമിക്ക് പട്ടയം നൽകിയിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നാണ് കോൺഗ്രസിന്റെ കുറ്റപ്പെടുത്തൽ. ഭൂ നിയമ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നാൽ പ്രശ്നങ്ങൾ തീരുമെന്നാണ് സി.പി.എം നിലപാട്.
ജനകീയ പ്രതിഷേധമുയർത്തി ഗവർണറുടെ നിലപാടുകളെ മറി കടക്കാനാകുമെന്നും കണക്ക് കൂട്ടുന്നു. ജില്ലയിൽ അയ്യായിരത്തോളം പട്ടയങ്ങളാണ് വിതരണത്തിന് തയാറായിരിക്കുന്നത്. പിഴവുകളുണ്ടെങ്കിൽ നിയമപരമായി തിരുത്താമെന്നിരിക്കെ പട്ടയനടപടികൾ നിർത്തിവെക്കണമെന്ന് പറയുന്നത് ജനദ്രോഹ നിലപാടാണെന്നും തടസ്സങ്ങൾ മറികടക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സി.പി.ഐ നേതൃത്വവും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.