കട്ടപ്പന: പകരക്കാരനില്ലാത്ത നാടകാചര്യൻ എം.സി കട്ടപ്പനയുടെ വേർപാട് കലാലോകത്തിന് തീരാനഷ്ടമായി. ഹൈറേഞ്ചിലെ പ്രമുഖ നാടക നടനും സീരിയൽ- സിനിമ നടനുമായ എം.സി. കട്ടപ്പന എന്ന ഇടുക്കി കട്ടപ്പന മരങ്ങാട്ട് എം.സി. ചാക്കോയുടെ (75) വേർപാടാണ് കലാലോകത്തിനു തീരാനഷ്ടമായത്. ജില്ലയിലെ അമച്വർ നാടകരംഗത്തുനിന്ന് സംസ്ഥാന പ്രഫഷനൽ നാടകരംഗത്തേക്ക് എം.സി. കട്ടപ്പന എത്തിപ്പെട്ടത് പെട്ടെന്നായിരുന്നു. സംസ്ഥാനത്തെ പ്രഫഷനൽ നാടകസംഘങ്ങൾ അദ്ദേഹത്തിന് ഏതുറോളും നൽകാൻ തയാറായിരുന്നു. മുപ്പതോളം നാടകത്തിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു.
2007ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തേടിയെത്തി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മലയോര കർഷകരുടെ കഥയായിരുന്നു ഇതിവൃത്തം. ഇതിൽ എം.സി. കട്ടപ്പനയുടെ കർഷകന്റെ കഥാപാത്രം ഏറെ പ്രശംസനേടി. 1977ലാണ് എം.സി. കട്ടപ്പന പ്രഫഷനൽ നാടകവേദികളിൽ അരങ്ങേറ്റം കുറിക്കുന്നത്. ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് മുപ്പതോളം പ്രഫഷനൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ അഭിനയിച്ചു.
അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസമാണ് എം.സി. കട്ടപ്പനയെ നാടകലോകത്തേക്ക് നയിച്ചത്. യൂനിയൻ സമരങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ച് മൂവാറ്റുപുഴ സബ്ജയിലിൽ തടവിൽ കഴിഞ്ഞ നാളുകളിലാണ് ഉള്ളിലെ അഭിനയചാതുരി അദ്ദേഹം പുറത്തെടുത്തത്. നടനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം എം.സി. കട്ടപ്പനയെന്ന നാടകനടന്റെ പിറവിയും കുറിച്ചു.
അഭിനയമോഹം ഉള്ളിൽ കൊണ്ടുനടന്ന കാലത്താണ് മൃഗസംരക്ഷണ വകുപ്പിൽ ക്ലർക്കായി ജോലി ലഭിച്ചത്. ഔദ്യോഗിക ജീവിതത്തിനിടയിലും നാടകാഭിനയവും സംവിധാനവും ഒരുമിച്ചു കൊണ്ടുപോകാനായി. പിതാവും സഹോദരങ്ങളും കട്ടപ്പനയിലായിരുന്നതിനാൽ മണിമലയിൽനിന്നു തന്റെ ജീവിതവും അവിടേക്കു പറിച്ചുനടുകയായിരുന്നു. സർക്കാർ സർവിസിൽ ജോലി ചെയ്യുമ്പോൾ നാടകത്തിൽ അഭിനയിക്കുന്നവർ അതിന്റെ പരസ്യപ്രചാരണങ്ങൾക്കായി തന്റെ പേര് നോട്ടീസിലോ പോസ്റ്ററുകളിലോ ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിനാൽ സ്വന്തം പേരായ എം.സി. ചാക്കോയിൽനിന്നു ചാക്കോയെ ഒഴിവാക്കി സ്വന്തം സ്ഥലമായ കട്ടപ്പനയെ പേരിനോടൊപ്പം കൂട്ടി.
സമ്മാനം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്ത എം.സി. കാഴ്ചയിലെ വക്കീൽ വേഷത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയനായത്. ഇന്നസന്റ് അവതരിപ്പിച്ച വികാരിയച്ചന്റെ വേഷമായിരുന്നു എം.സിക്ക് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇനിയും പുറത്തിറങ്ങാനുള്ള, നേരത്തേ ചിത്രീകരണം തുടങ്ങിവെച്ച പാസ് പാസ് എന്ന ചിത്രത്തിൽ ഹോസ്റ്റൽ വാർഡനായ വികാരിയുടെ വേഷമായതിനാൽ ബ്ലെസി വക്കീൽ വേഷം നൽകി. തുടർന്ന് സിബി മലയിലിന്റെ അമൃതത്തിൽ നായികയുടെ അച്ഛൻ ഹാജിയാരായി എം.സി. തിളങ്ങി. മുന്നൂറിലധികം വേദി പിന്നിട്ട പുനർജനിക്കുന്ന പെരുന്തച്ചനിലെ പെരുന്തച്ചൻ അദ്ദേഹത്തിന് നിരവധി പുരസ്കാരം നേടിക്കൊടുത്തു. പിന്നീട് തിരുവനന്തപുരം താസ്കിന്റെ ഓടയിൽനിന്നിലെ പപ്പുവും വാഴ്വേമായത്തിലെ സുധീന്ദ്രനും എം.സി. ഏറ്റെടുത്തു വിജയിപ്പിച്ച വെല്ലുവിളികളായിരുന്നു.
തന്റെ കൂടെ വേദികളിൽ ആടിത്തിമിർത്തവർ പലരും സിനിമയിലും സീരിയലുകളിലും സജീവമായിട്ടും എം.സി. പിന്മാറി നിന്നതിന്റെ കാരണം നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. കൊച്ചുപ്രേമനും, കെ.ടി.എസ്. പടന്നയിലും റിസബാവയും പറവൂർ രാമചന്ദ്രനും ടി.എസ്. രാജുവുമെല്ലാം എം.സിക്കൊപ്പം നാടകങ്ങളിൽ അഭിനയിച്ചവരാണ്. ശാരീരികാസ്വാസ്ഥ്യം നാടകവേദികളിലൂടെയുള്ള അലച്ചിലിനു വിഘാതമാകുന്നതിനാലാണ് അവസാനകാലത്ത് മനസ്സില്ലാ മനസ്സോടെ നാടകത്തിൽനിന്നു പിന്മാറുന്നത്.എം.സി. കട്ടപ്പനയുടെ നിര്യാണത്തിൽ ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൻ അനുശോചനം രേഖപ്പെടുത്തി. നാടക ലോകത്തിനു തീരാനഷ്ടമാണ് എം.സിയുടെ വേർപാടിലൂടെ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.