കട്ടപ്പന: പുളിയന്മലയിലെ ശബരിമല വിശ്രമ കേന്ദ്രത്തിന്റെയും സാനിട്ടറി കോംപ്ലക്സിന്റെയും നിർമാണം നിലച്ചു. ജില്ലയിലെത്തുന്ന തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും വിശ്രമവും പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കാൻ ഉദ്ദേശിച്ച് കട്ടപ്പന നഗരസഭ നടപ്പാക്കിയ പദ്ധതി കാട് മൂടി കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി.
തേക്കടി, വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റുകൾ പുളിയന്മലയിലൂടെയാണ് കടന്നു പോകുന്നത്. അവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ മറ്റൊരു സൗകര്യവും സമീപത്തില്ല. ഹോട്ടലുകളെ ആശ്രയിക്കുകയെ നിർവഹമുള്ളൂ. പദ്ധതി അനിശ്ചിതത്തിലായത്തോടെ ജനങ്ങളുടെ സ്വപ്ന പദ്ധതിക്കാണ് കുരുക്ക് വീണത്.
കട്ടപ്പന നഗരസഭയിലെ മുൻ ഭരണസമിതി പുളിയന്മല എൻ.എം.ആർ തോട്ടമുടമയിൽ നിന്ന് ഭൂമി തരപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയത് . ഇവിടെ ശൗചാലയം, ശബരിമല ഭക്തർക്കായി വിരിപ്പന്തൽ, പകൽവീട്, വയോമിത്രം എന്നിവക്കെല്ലാം ചേർത്ത് ഒരു കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. പ്രാരംഭ പ്രവർത്തനത്തിനായി മുനിസിപ്പാലിറ്റിയും ശുചിത്വ മിഷനും ചേർന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.
രണ്ടാം വർഷം വീണ്ടും 10 ലക്ഷം രൂപ കൂടി അനുവദിച്ച് ബാക്കി കുറെ ഭാഗം കുടി നിർമിച്ചു. അപ്പോഴാണ് സ്വകാര്യ വ്യക്തി പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ നിർമാണവും നിലച്ചു. ശൗചാലയത്തിന്റെയും വിരിപ്പന്തലിന്റെയും നിർമാണം പൂർത്തിയായി. ഇനി വൈദ്യുതിയും വെള്ളവുമെത്തിച്ചാൽ പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. എന്നാൽ സ്വകാര്യ വ്യക്തിയുടെ പരാതി പരിഹരിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്.
സ്വകാര്യ വ്യക്തിയുമായുള്ള തർക്കം ഉടൻ പരിഹരിക്കുമെന്ന് പറഞ്ഞ മുൻ ചെയർപേഴ്സൻ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു ശ്രമവും നടത്തിയില്ലെന്നും ആരോപണമുണ്ട്. 35 ലക്ഷം രൂപ ചെലവഴിച്ച പദ്ധതി ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.