കട്ടപ്പന: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചുകടന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഒരാളെ പൊലീസ് തിരയുന്നു. തോപ്രാംകുടി ദൈവമേട് അരീക്കുന്നേൽ വീട്ടിൽ രാഹുൽ (26), തോപ്രാംകുടി സ്കൂൾ സിറ്റി മൈലക്കൽ വീട്ടിൽ അതുൽ (24), സഹോദരൻ അഖിൽ (21) എന്നിവരെയാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഇരട്ടയാർ ശാന്തിഗ്രാം ഇടിഞ്ഞമല കോലമ്മാക്കൽ പെണ്ണമ്മയുടെ (80) ഒന്നരപ്പവന്‍റെ മാല കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. പൊലീസ് പറയുന്നത്: കഴിഞ്ഞ എട്ടിന് ഉച്ചക്ക് ഒന്നരയോടെ വിജനമായ റോഡിലൂടെ വരുകയായിരുന്നു പെണ്ണമ്മ. അഖിലിന്‍റെ ബൈക്കിലാണ് അതുലും രാഹുലും എത്തിയത്. രാഹുൽ പെണ്ണമ്മയെ കണ്ട് റോഡിൽ ഇറങ്ങുകയും അതുൽ മുന്നോട്ടുപോവുകയും ചെയ്തു. രാഹുൽ ഒരാളുടെ പേരുപറഞ്ഞ് അറിയുമോയെന്ന് ചോദിച്ചു.
അറിയില്ലെന്നുപറഞ്ഞ് മുന്നോട്ടുനീങ്ങിയ പെണ്ണമ്മയെ ഇയാൾ പിന്തുടർന്നെത്തി മാലപൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടെ താഴെവീണ പെണ്ണമ്മക്ക് പരിക്കേറ്റു. പ്രതികൾ തോപ്രാംകുടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാല 40,000 രൂപക്ക് പണയംവെച്ചു. പിന്നീട് തിരിച്ചെടുത്ത് മറ്റൊരാളുടെ സഹായത്തോടെ മാല വിറ്റു. വിൽക്കാൻ സഹായിച്ച ആളെ പൊലീസ് അന്വേഷിച്ചുവരികയാണ്.
അന്വേഷണസംഘത്തിൽ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ, തങ്കമണി ഇൻസ്‌പെക്ടർ എ. അജിത്, എസ്.ഐമാരായ അഗസ്റ്റിൻ, സജിമോൻ ജോസഫ്, സി.പി.ഒമാരായ ടോണി ജോൺ, വി.കെ. അനീഷ്, ജോബിൻ ജോസ്, പി.ജെ. സിനോജ്, സിജു, ജിമ്മി എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.