കട്ടപ്പന: റൂറല്‍ ഡെവലപ്മെൻറ് കോഒാപറേറ്റിവ് സൊസൈറ്റി ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വ്യാജ ഐ.ഡി കാർഡ് ഉപയോഗിച്ച് വോട്ടുചെയ്യാനുള്ള ശ്രമം തടഞ്ഞത് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു വോെട്ടടുപ്പ്.
9677 അംഗങ്ങളുള്ള സൊസൈറ്റിയിലെ 11അംഗ ഭരണസമിതിയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ വോട്ടെടുപ്പിനിടെ രണ്ടുപേർ വ്യാജ ഐ.ഡി കാർഡുമായി വോട്ടുചെയ്യാൻ പോളിങ് ബൂത്തിൽ എത്തിയെങ്കിലും വോട്ടുചെയ്യാൻ അനുമതി ലഭിച്ചില്ല.
കാർഡ് സൊസൈറ്റിയിൽനിന്ന് വിതരണം ചെയ്തതല്ലെന്ന് മനസ്സിലായതോടെ ഇവരെ തിരിച്ചയച്ചിരുന്നു. ഇതിനുശേഷം വീണ്ടും വ്യാജ കാർഡുമായി വോട്ടുചെയ്യാൻ ഒരാളെത്തുകയും ഇത് എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതുമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് എത്തി പ്രവർത്തകരെ മാറ്റി വിടുകയായിരുന്നു. യഥാർഥ ഐ.ഡി കാർഡുമായി എത്തിയവരെ വോട്ടുചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചതായി യു.ഡി.എഫ് നേതാക്കൾ ആക്ഷേപം ഉന്നയിച്ചു.
കോവിഡ് പഞ്ചാത്തലത്തില്‍ ആറുമാസം നീട്ടിെവച്ച തെരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഹൈകോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. ഇതേ തുടർന്നാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്.
എല്ലാ സീറ്റും എൽ.ഡി.എഫിന്
കട്ടപ്പന: കട്ടപ്പന റൂറല്‍ ഡെവലപ്മെൻറ് കോഒാപറേറ്റിവ് സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റും എൽ.ഡി.എഫ് നേടി. 11 അംഗ ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും 1100ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് അംഗങ്ങൾ വിജയിച്ചത്.
വിജയികൾ: കെ.എൻ. ചന്ദ്രൻ, ജോസഫ് ആൻറണി എട്ടിയിൽ, നിമിഷ് സെബാസ്റ്റ്യൻ കളപുരക്കൽ, എം.ജെ. വർഗീസ്, വി.ആർ. സജി, സതീഷ് ചന്ദ്രൻ അണിമംഗലത്ത്, അതുല്യ പി.നെല്ലിപള്ളിൽ, എൽസമ്മ ഇലഞ്ഞിക്കൽ, ടി.എൻ. സാറാമ്മ, കെ.ആർ. സോദരൻ, കെ.എ. സെബാസ്റ്റ്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.