കുമളി: ജനവാസ മേഖലയായ ഒട്ടകത്തലമേട്ടിൽ കരടിയിറങ്ങിയത് പ്രദേശത്ത് ഭീതി സൃഷ്ടിച്ചു. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് ഒട്ടകത്തലമേട് സ്വദേശി അനൂപിന്റെ വീട്ടുമുറ്റത്ത് കരടി എത്തിയത്. മക്കളുമായി അനൂപിന്റെ ഭാര്യ വീടിന് പുറത്തിറങ്ങുന്നതിനിടെയാണ് മുറ്റത്ത് കരടിയെ കണ്ടത്.
ഭയന്ന വീട്ടമ്മ നിലവിളിച്ചതു കേട്ട് നാട്ടുകാർ ഓടിവരുന്നതിനിടെ കരടി റോഡ് കുറുകെ കടന്ന് കൃഷിയിടത്തിലൂടെ ഓടിമറഞ്ഞു. ജനം പരിഭ്രാന്തിയിലായതോടെ കരടിയെ കണ്ടെത്താൻ കുമളി റേഞ്ച് ഓഫിസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വനപാലകരുടെ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രദേശത്തെ അമ്പലക്കവലക്ക് സമീപവും മറ്റൊരു കൃഷിയിടത്തിലും കരടിയെ കണ്ടെത്താൻ രണ്ട് കാമറ സ്ഥാപിച്ചു. രണ്ടുമാസം മുമ്പാണ് ഒട്ടകത്തലമേടിന്റെ അടിവാരമായ അട്ടപ്പള്ളത്തിന് സമീപം കരടിയെ നാട്ടുകാർ കണ്ടത്. പിന്നീട് തിരച്ചിൽ നടന്നെങ്കിലും കരടിയെ കാണ്ടെത്താനായില്ല. വീണ്ടും ബുധനാഴ്ച കരടിയെ കാണുകയും മലയിറങ്ങി അട്ടപ്പള്ളം ഭാഗത്തേക്ക് നീങ്ങിയതും നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
വർഷങ്ങൾക്കു മുമ്പ് അട്ടപ്പള്ളം പ്രദേശത്തെ കർഷകനെ കരടി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നു. പ്രദേശത്തെ തേൻ കർഷകരുടെ തേനീച്ചപ്പെട്ടികൾ ലക്ഷ്യംവെച്ച് കരടിയെത്താനുള്ള സാധ്യതയാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. ഒട്ടകത്തലമേട് പ്രദേശം തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്. ഇവിടെ, മലമുകളിൽനിന്നുള്ള കാഴ്ചകൾ ആസ്വദിക്കാനാണ് സഞ്ചാരികൾ ഒട്ടകത്തലമേട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.