കുമളി: തേക്കടി ബൈപാസ് റോഡിൽ വെള്ളക്കെട്ടിന് കാരണമാകുന്ന കലുങ്ക് ഉയർത്തിപ്പണിയണമെന്ന ആവശ്യം അംഗീകരിക്കാതെ മണ്ണിട്ടുമൂടി പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം ആരംഭിച്ചു. അശാസ്ത്രീയമായി നിർമിച്ച റോസാപ്പൂക്കണ്ടം ഓട വിവാദമായതോടെ ഇത് മറയ്ക്കുന്നതിനാണ് റോഡ് മണ്ണിട്ട് ഉയർത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കുമളി ടൗണിൽനിന്ന് തേക്കടിക്കുള്ള ബൈപാസിലാണ് പൊതുമരാമത്ത് വകുപ്പിെൻറ 'തലതിരിഞ്ഞ' വികസനം. ബൈപാസ് റോഡിനു സമാന്തരമായ ഓടയിലെ വെള്ളം ഒഴുകിപ്പോകാനുള്ള കലുങ്ക് ഉയർത്തിപ്പണിയണമെന്നത് ഏറെ കാലങ്ങളായുള്ള ആവശ്യമാണ്. തേക്കടി ജലവിതരണ പദ്ധതിയുടെ പൈപ്പ്, മറ്റ് പൈപ്പുകൾ എന്നിവ ഈ കലുങ്കിനടിയിലാണ് സ്ഥാപിച്ചിട്ടുള്ളത്.
മഴക്കാലത്ത് ഈ പൈപ്പുകളിൽ ചപ്പുചവറുകൾ അടിഞ്ഞാണ് ബൈപാസിൽ വെള്ളം കയറുന്നത്. കലുങ്ക് ഉയർത്തിപ്പണിയുകയും പൈപ്പുകൾ ഉയർത്തുകയും ചെയ്താൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാം. എന്നാൽ, ഇത് ചെയ്യാതെ പഴയ റോഡിനൊപ്പമുള്ള കലുങ്കിെൻറ മുകളിൽ നാലടിയിലധികം മണ്ണിട്ട് ഉയർത്തിയാണ് നവീകരണ ജോലി ചെയ്യുന്നത്.
കലുങ്കിനിടയിൽ തടസ്സങ്ങളുണ്ടായി വെള്ളം ഒഴുകാതായാൽ തിയറ്റർ ജങ്ഷന് അപ്പുറമുള്ള റോഡിൽ വെള്ളക്കെട്ടുണ്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുകളിൽ മണ്ണിട്ട് ഉയർത്തിയതോടെ കലുങ്കിനിടയിലെ തടസ്സങ്ങൾ പഴയതുപോലെ നീക്കാനുമാവില്ല.
പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കരാറുകാരനുമായുള്ള ഒത്തുകളിയുമാണ് അശാസ്ത്രീയ റോഡ് നിർമാണത്തിന് പിന്നിലെന്നാണ് ആക്ഷേപം. ഈ ഭാഗത്ത് ഇപ്പോൾ നടന്നതും മുമ്പ് നടന്നതുമായ നിർമാണ ജോലികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.