കുമളി: തമിഴ്നാട് വനമേഖലയിലേക്ക് ഞായറാഴ്ച രാവിലെ കടന്ന അരിക്കൊമ്പൻ കാട്ടിനുള്ളിൽത്തന്നെ തുടരുന്നതായി വിവരം. കമ്പത്തുനിന്നും മേഘമല വന്യജീവി സങ്കേതത്തിന്റെ മലയടിവാരത്തിലുള്ള ഷൺമുഖ നദിയോരത്ത് ആനയെ കണ്ടെങ്കിലും പിന്നീട് കാണാനായിട്ടില്ല. കഴിഞ്ഞദിവസം പുലർച്ച ഈ പ്രദേശത്തുള്ള ഷൺമുഖനാഥ ക്ഷേത്രത്തിന് സമീപമെത്തിയ അരിക്കൊമ്പൻ ഭക്ഷണം തേടി സമീപത്തെ വീടിന്റെ ഭിത്തി ഇടിച്ചിട്ടതായി വനപാലകർ പറയുന്നു.
ഷൺമുഖനാഥ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്ന ആന ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെയാണ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതെന്നാണ് വിവരം. എന്നാൽ, ആന വീണ്ടും പുറത്തിറങ്ങി വരാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. ബുധനാഴ്ച ഉച്ചയോടെയാണ് റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ ലഭിക്കാതായതെന്നാണ് വിവരം. മേഘമല വന്യജീവി സങ്കേതത്തിന്റെ പല ഭാഗങ്ങളിലും റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളാണ്.
ഇതുമൂലം ആന എങ്ങോട്ടാണ് നീങ്ങുന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. അരിക്കൊമ്പൻ വീണ്ടും കാടിറങ്ങി വരുമെന്ന പ്രതീക്ഷയിൽ മൂന്ന് കുങ്കി ആനകളുമായി 150 അംഗ വനം - പൊലീസ് അധികൃതരുടെ സംഘം കമ്പത്ത് തുടരുകയാണ്. ആനയെ മയക്കുവെടി വെക്കാനുള്ള വിദഗ്ധരും കമ്പത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.