കുമളി: വികസന പദ്ധതികൾ നടപ്പാക്കാനെന്ന പേരിൽ കുമളി ഗ്രാമപഞ്ചായത്ത് തോട്ടഭൂമി മുറിച്ചുവാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നതായി ധനകാര്യ ഓഡിറ്റ് വിഭാഗം കണ്ടെത്തി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ് ഭൂമി വാങ്ങിയത്. കുമളി ചെളിമടയ്ക്ക് സമീപം ചുരക്കുളം തോട്ട ഭൂമിയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് വാങ്ങിയത്.
ഭൂമി ഇടപാടിൽ വൻ ക്രമക്കേടും അഴിമതിയും നടന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ധനകാര്യ വിഭാഗത്തിന്റെ റിപ്പോർട്ട്. 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ 81 (ഇ) വകുപ്പ് ലംഘിച്ച് ഉടമകൾ മുറിച്ചുവിറ്റ തോട്ടഭൂമി സർക്കാറിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് വാങ്ങിയെന്ന കണ്ടെത്തലാണ് ഇതിൽ പ്രധാനം.
ഭൂമിയുടെ വിലയായി പീരുമേട് തഹസിൽദാർ നിർണയിച്ചുനൽകിയ സെന്റിന് 1.13 ലക്ഷത്തിനുപകരം ഉടമകൾ ആവശ്യപ്പെട്ട 1.28 ലക്ഷം എന്ന തുക അംഗീകരിച്ചുനൽകിയതിൽ വഴിവിട്ട നടപടികളാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗ്രാമപഞ്ചായത്തിന് കീഴിൽ ബഡ്സ് സ്കൂൾ കെട്ടിടം, ആയുർവേദ ആശുപത്രി, ടൗൺ ഹാൾ, മിനി സ്റ്റേഡിയം എന്നിവ നിർമിക്കുന്നതിനാണ് സ്ഥലം വാങ്ങിയത്.
എന്നാൽ, 45 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഭൂമിയിൽ മിനി സ്റ്റേഡിയം ഉൾെപ്പടെ നിർമിക്കുകയെന്നത് ദുഷ്കരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യക്തമായ പ്ലാനും പദ്ധതിയും തയാറാക്കാതെയും ഓരോ പദ്ധതിക്കും എത്ര ഭൂമിയെന്ന് അളന്നുതിരിക്കാതെയുമാണ് ഭൂമി വാങ്ങിയത്. പദ്ധതികൾ അംഗീകരിക്കും മുമ്പേ ഭൂമി വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചതും ഇതുസംബന്ധിച്ച് കാര്യമായ പരസ്യങ്ങൾ നൽകാതിരുന്നതും ഒത്തുകളി വ്യക്തമാക്കുന്നതായി. വാങ്ങിയ സ്ഥലത്തിന്റെ അളന്നുതിരിച്ച സ്കെച്ചും പ്ലാനും കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.