കുമളി: കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ നാട്ടുകാർ കഷ്ടപ്പെടുമ്പോഴും വാട്ടർ അതോറിറ്റി ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് മാറ്റമില്ല. അറ്റകുറ്റപ്പണി നടത്താൻ പിൻവാതിലിലൂടെ കരാറുകാരനെ നിയമിച്ച് പണം തട്ടാനുള്ള ഉദ്യോഗസ്ഥെൻറ നീക്കം ഇതേ ഓഫിസിലെ ചിലർ എതിർത്തതോടെ തമ്മിലടിയും രൂക്ഷമായി.
തേക്കടി ശുദ്ധജല വിതരണപദ്ധതിയുടെ ഭാഗമായി കുമളി, ചക്കുപള്ളം, വണ്ടന്മേട് പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിക്കുകയും കണക്ഷൻ നൽകുകയും ചെയ്തെങ്കിലും പലസ്ഥലത്തും കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചകളായി.
പൈപ്പുകളിലെ വാൽവുകളുടെ തകരാറും ജോയൻറുകൾ വഴിയുള്ള ചോർച്ചയുമാണ് ജലവിതരണം മുടങ്ങാൻ കാരണം. ഇത്തരം തകരാറുകൾ മുമ്പ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നേരിട്ട് പണി നടത്തി പരിഹരിച്ചിരുന്നു. എന്നാൽ, അതോറിറ്റിയിൽ അടുത്ത കാലെത്തത്തിയ ഒരു ഉദ്യോഗസ്ഥൻ ഇതിന് തടസ്സം സൃഷ്ടിക്കുകയും പണികൾ കരാറുകാർക്ക് നൽകുകയുമാണ് ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ, കരാറുകാരൻ ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷമാണ് പല സ്ഥലത്തെയും തകരാറുകൾ പരിഹരിക്കുന്നത്. നിസ്സാര തുകക്ക് അറ്റകുറ്റപ്പണി നടത്തിയിരുന്നത് കരാറുകാരൻ എത്തിയതോടെ പതിനായിരത്തിന് മുകളിൽ തുകക്കായി മാറി.
വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥെൻറ ബിനാമിയായി കരാറുകാരൻ പ്രവർത്തിച്ചുതുടങ്ങിയതോടെ അറ്റകുറ്റപ്പണികളുടെ പേരിൽ വൻ തുകയാണ് സർക്കാറിന് നഷ്ടമാകുന്നത്. മേലുദ്യോഗസ്ഥെൻറ തന്നിഷ്ടം ചോദ്യം ചെയ്ത കീഴ്ജീവനക്കാരോട് സ്ഥലം മാറ്റം വാങ്ങി പോകാനാണ് ക്രമക്കേട് നടത്തുന്ന ഉദ്യോഗസ്ഥെൻറ നിലപാടെന്ന് ജീവനക്കാർ പറയുന്നു. വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്കിടയിൽ തുടരുന്ന ശീതസമരം മൂലം പല ഭാഗെത്തയും അറ്റകുറ്റപ്പണി ഏറെ വൈകിയാണ് നടക്കുന്നത്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതുമൂലം തകരാറിലായ സ്ഥലങ്ങളിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവായി.
തേക്കടി തടാകത്തിൽ വേനലിൽ പതിവിൽ കൂടുതൽ ജലം ഉണ്ടായിട്ടും കോടികൾ െചലവഴിച്ച് നിർമിച്ച ശുദ്ധജല പദ്ധതി നോക്കുകുത്തിയായത് നാട്ടുകാരിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. കാർഷിക മേഖലയായ അമരാവതി, കാരക്കണ്ടംമേട് ഉൾെപ്പടെ മിക്ക സ്ഥലത്തും കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസത്തോളമായെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഈ മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും നിരന്തരം ഇടപെട്ടിട്ടും ക്രമക്കേടിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥെൻറ പിടിവാശി മൂലം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. പ്രശ്നത്തിൽ നാട്ടുകാർക്കൊപ്പം വകുപ്പിലെ മറ്റ് ജീവനക്കാർക്കിടയിലും അതൃപ്തി ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.