കുമളി (ഇടുക്കി): പ്രായാധിക്യത്താൽ ഉള്ള രോഗങ്ങൾക്കിടയിൽ കോവിഡ് ബാധിച്ച് ശരീരം ദുർബലമായപ്പോഴും മനസ്സുറച്ചുനിന്ന് കോവിഡിനോട് പൊരുതി വിജയിച്ച 98കാരി നാടിെൻറ ആത്മവിശ്വാസം ഇരട്ടിയാക്കി. കുമളി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് കൊല്ലംപട്ടടയിൽ ചാലിങ്കൽ വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ ലക്ഷ്മിയാണ് (98) കോവിഡ് ചികിത്സ കേന്ദ്രം വിട്ടത്.
പ്രായാധിക്യം മൂലം മുമ്പ് ശ്വാസതടസ്സവും ജീവിതശൈലീരോഗങ്ങളുമുള്ള ലക്ഷ്മി കോവിഡ് ബാധിച്ചതോടെ ഏറെ അവശതയിലായിരുന്നു. കോവിഡ് ബാധിച്ച ഇളയ മകൻ രാജപ്പനും മരുമകൾ ഉഷക്കും ഒപ്പമാണ് ലക്ഷ്മിയെയും കുമളിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ലക്ഷ്മിയെ ചികിത്സിക്കുക ഏറെ ശ്രമകരമായിരുന്നെങ്കിലും ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർമാരായ ബിനു കെ. ജോൺ, ആസിഫ്, ഗോവിന്ദ് എന്നിവരുടെ നിരന്തര നിരീക്ഷണത്തിലും പരിചരണത്തിലുമാണ് കോവിഡിനെതിരായ പോരാട്ടം വിജയം കണ്ടത്. രണ്ടാഴ്ചത്തെ പരിശ്രമങ്ങൾക്കൊടുവിൽ കോവിഡിനെ തോൽപിച്ച് ലക്ഷ്മി പുഞ്ചിരിച്ചപ്പോൾ ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ളവർക്കും ഇരട്ടി ആത്മവിശ്വാസമായി.
ചികിത്സ കേന്ദ്രം വിട്ടെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ലക്ഷ്മിക്ക് അടിയന്തര സാഹചര്യം ഉണ്ടായാൽ വീട്ടിൽ തന്നെ ഓക്സിജൻ നൽകാനുള്ള സംവിധാനം വാർഡ് അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ശാന്തി ഷാജിമോെൻറ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ഇപ്പോഴും ചികിത്സ കേന്ദ്രത്തിൽ കഴിയുന്ന മകൻ രാജപ്പെൻറ വീട്ടിലേക്കാണ് ലക്ഷ്മി മടങ്ങിയെത്തിയത്. അഞ്ച് മക്കളിൽ ഇളയ ആളാണ് ഓട്ടോ ഡ്രൈവറായ രാജപ്പൻ. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെയാണ് കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിെൻറ സഹായത്തോടെ കോവിഡ് ഒ.പി ഉൾെപ്പടെ പ്രാഥമിക ചികിത്സ കേന്ദ്രം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.