കുമളി: നഗരംവിട്ട് കാട്ടിൽ കയറിയ അരിക്കൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിന്റെ മല അടിവാരത്തിൽ തുടരുന്നു. കമ്പം സൂത്തനാച്ചിക്കാട്ടിലാണ് ആന ഉള്ളതെന്നാണ് വിവരം. കണ്ടെത്താനും ഗ്രാമത്തിലേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുമായി 85 അംഗ സംഘമാണ് ആനക്ക് പിന്നാലെ കാട്ടിനുള്ളിലുള്ളത്.
ഇതിനിടെ, ആനക്ക് പ്രിയപ്പെട്ട അരി, വാഴത്തടകൾ എന്നിവ കാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചതായി കമ്പം എം.എൽ.എ. രാമകൃഷ്ണൻ പറഞ്ഞു. അരിക്കൊമ്പന് ആരോഗ്യ പ്രശ്നങ്ങളിെല്ലന്നും ചിന്നമന്നൂർ ഭാഗത്തേക്ക് ആനസഞ്ചരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കമ്പം ടൗണിലിറങ്ങിയതിനെ തുടർന്ന് വനാതിർത്തിയിലെ ഗ്രാമങ്ങളിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇവിടെ ജില്ല ഭരണകൂടം പുറപ്പെടുവിച്ച നിരോധനാജ്ഞ നിലനിൽക്കുന്നതായും അരിക്കൊമ്പൻ പ്രശ്നം പരിഹരിക്കും വരെ ഇത് തുടരുമെന്നും തേനി കലക്ടർ ഷജീവന പറഞ്ഞു. അരിക്കൊമ്പന്റെ നീക്കങ്ങൾ സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും കലക്ടറുടെ അറിയിപ്പിൽ പറയുന്നു. കാട്ടിനുള്ളിൽ കഴിയുന്ന ആനയെ നേരിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതേവരെ വിജയം കാണാത്തത് അധികൃതരെ വിഷമത്തിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.