കുമളി: മൂന്നാർ നെയ്മക്കാടുനിന്ന് കൂട്ടിൽ അടച്ചെത്തിച്ച പെൺകടുവ ഇനി തേക്കടി കാടിന്റെ സ്വന്തം. പെരിയാർ കടുവ സങ്കേതത്തിന്റെ വിശാലതയിലേക്ക് കൂട്ടിൽ നിന്നിറങ്ങി പതിയെ കടുവ നടന്നുനീങ്ങിയപ്പോൾ വനപാലകർക്കും സന്തോഷം.
മൂന്നാറിൽ കാട്ടിയ വികൃതികളുമായി നാട്ടിലേക്കിറങ്ങുമോയെന്ന ആശങ്കകൾ തീർക്കാൻ ഉപഗ്രഹ നിരീക്ഷണത്തിനായി സാറ്റലൈറ്റ് കോളർ ഘടിപ്പിച്ചാണ് കടുവയെ തുറന്നുവിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് കടുവക്ക് സാറ്റലൈറ്റ് കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുന്നത്. പൂർണ ആരോഗ്യവതിയായ ഒമ്പതു വയസ്സുള്ള കടുവയാണ് മൂന്നാറിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത്. പെരിയാർ കടുവ സങ്കേതത്തിലുള്ളവയെക്കാൾ വലുപ്പം കൂടിയ ഇനമാണ് മൂന്നാറിൽനിന്ന് ലഭിച്ചതെന്നാണ് വനപാലകർ പറയുന്നത്. കടുവയുടെ ചലനങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് വഴി ഇതിനായി സജ്ജീകരിച്ച തേക്കടിയിലെ കേന്ദ്രത്തിലെത്തും. നാട്ടിലിറങ്ങി വികൃതി കാട്ടാൻ ശ്രമിച്ചാൽ അപ്പോൾതന്നെ വീണ്ടും പിടികൂടാനും കാഴ്ചബംഗ്ലാവിലേക്ക് മാറ്റാനുമാണ് വനപാലകരുടെ ആലോചന.
കടുവകളുടെ സാന്നിധ്യമില്ലെന്ന് മുമ്പ് കാമറ നിരീക്ഷണം വഴി കണ്ടെത്തിയ കാടിന്റെ ഭാഗത്താണ് പെൺകടുവയെ തുറന്നുവിട്ടത്. പന്നി, മ്ലാവ്, കേഴ ഉൾപ്പെടെ ചെറുജീവികൾ ധാരാളമുള്ളതിനാൽ വേട്ടയാടാനും സൗകര്യപ്രദമായ സ്ഥലത്താണ് തുറന്നുവിട്ടത്. ഇടതു കണ്ണിന്റെ കാഴ്ചക്ക് തകരാറുണ്ടെങ്കിലും ഇരതേടാൻ ഇത് തടസ്സമാകില്ലെന്നാണ് അധികൃതരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.