കുമളി: തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖല വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ തളർന്ന് നിൽക്കുകയാണ് കുമളിയിലെ ആരോഗ്യകേന്ദ്രം. സർക്കാറുകൾ പലതും മാറിവരുകയും ആരോഗ്യകേന്ദ്രത്തിന്റെ മേൽനോട്ടം ത്രിതല പഞ്ചായത്തിനുകൂടി നൽകിയെങ്കിലും ഒരു മാറ്റവുമില്ല. ദിവസവും നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികൾ വന്നുപോകുന്ന തേക്കടി വിനോദ സഞ്ചാര മേഖല, കേരള-തമിഴ്നാട് അതിർത്തി, നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന ആദിവാസി കോളനികൾ എന്നിങ്ങനെ കുമളിയുടെ പ്രത്യേകതകൾ നിരവധിയാണ്.
ഹൈറേഞ്ചിലെ പരിമിതമായ ചികിത്സ സൗകര്യം എന്നും നാട്ടുകാരിൽ ഭീതി നിറക്കുന്നതാണ്. നല്ല ആശുപത്രി, നല്ല ചികിത്സ എന്നിവയെല്ലാം ഹൈറേഞ്ച് നിവാസികൾക്ക് ഇന്നും കൈയെത്തുന്നതിലും അകലെയാണ്. ഹൃദയാഘാതം, സ്ട്രോക്കുപോലെ ഉടൻ വിദഗ്ധ ചികിത്സ ആവശ്യമായ രോഗാവസ്ഥയിൽ രോഗിയുമായി 100 കിലോമീറ്റർ അകലെയുള്ള ആശുപത്രികളിലേക്ക് ജീവൻമരണ ഓട്ടം നടത്തണം. ഇത് കുമളിയിലെ പതിവ് കാഴ്ചയാണ്. വിശാലമായ കോമ്പൗണ്ടും കെട്ടിടങ്ങളും ഉണ്ടെങ്കിലും 24 മണിക്കൂറും ചികിത്സ ലഭ്യമാകുന്ന സ്ഥിതി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലില്ലാത്തതാണ് നാട്ടുകാരെ ഏറെ അലട്ടുന്നത്. പകൽ മാത്രമാണ് ഇവിടെ ഡോക്ടർമാരുടെ സേവനം. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ ശേഷവും ആവശ്യത്തിന് മരുന്ന് ഇല്ലാത്തതും ലാബ് ഉണ്ടായിട്ടും പുറത്തെ ലാബുകളെ രോഗികൾക്ക് ആശ്രയിക്കേണ്ടി വരുന്നതും വലിയ വീഴ്ചയാണ്.
ദിവസങ്ങൾക്കു മുമ്പാണ് വനിത ക്യാന്റീനും എക്സ് റേ യൂനിറ്റും ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തനം തുടങ്ങിയത്. ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് താമസിക്കാൻ ബഹുനില കെട്ടിടം, ആശുപത്രിക്കായി പുതിയ കെട്ടിടം എന്നിവയെല്ലാം ചുവപ്പുനാട കുരുക്കുകളഴിച്ച് നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. കുമളി കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. 24 മണിക്കൂറും ഡോക്ടറുടെ സേവനം, ഐ.പി സേവനം, ആവശ്യത്തിന് മരുന്ന്, അത്യാഹിത വിഭാഗം, പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കൽ എന്നിവയെല്ലാം നടപ്പാക്കണമെന്നാണ്
ആവശ്യമുയരുന്നത്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.