കുമളി: കാട് വെട്ടിത്തെളിച്ച് നെൽകൃഷിയിറക്കിയ കർഷകരെ വട്ടംചുറ്റിച്ച് ആനകൾ വിലസിയ സ്ഥലമാണ് പിന്നീട് ആനവിലാസമായി മാറിയത്. കുമളി, വണ്ടന്മേട്, ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ അതിരിടുന്ന ആനവിലാസത്ത് ഇപ്പോൾ നെൽകൃഷിയില്ല. പകരം ഇടതൂർന്ന് നിൽക്കുന്ന ഏലച്ചെടികളാണുള്ളത്. ആനവിലാസം മേഖലയിൽ കോട്ടയം ജില്ലയിൽ നിന്നെത്തിയ കർഷകരുടെ കുടിയേറ്റം ആരംഭിക്കുന്നത് 1945 കാലഘട്ടത്തിലാണ്. പ്രധാനമായും നാല് കുടുംബക്കാരാണ് അന്ന് കൊടും കാടുകൾ വെട്ടിതെളിച്ച് നെൽകൃഷി തുടങ്ങിയത്.
കൃഷികൾ തകർത്ത് കാട്ടാനകൾ വിലസുന്നത് പതിവായതോടെ നെൽകൃഷിക്ക് പകരം കരിമ്പ് കൃഷിയാക്കി. ഇതും ആനകൾക്ക് ഇഷ്ട ഭക്ഷണമായതോടെ മറ്റ് കൃഷികളിലേക്ക് കടന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ എൻ.എം.ആർ കുടുംബം സമീപ പ്രദേശമായ ശാസ്താംനടയിൽ ഏലകൃഷി ആരംഭിച്ചതോടെയാണ് പ്രദേശമാകെ വ്യാപിച്ച ഏലകൃഷിയുടെ തുടക്കം. വൻകിട തോട്ട ഉടമകളും ആനവിലാസം പ്രദേശത്തേക്ക് എത്തി ഏലകൃഷി തുടങ്ങി. വനഭൂമി വെട്ടിത്തെളിച്ച് കൃഷിയിറക്കിയതിനാൽ മിക്ക ഭാഗങ്ങളും ഇപ്പോഴും ഏലം കുത്തകപ്പാട്ട ഭൂമിയായി നിലനിൽക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിനാണ്.
ആനവിലാസം ടൗണിൽ പ്രധാനമായും എത്തുന്നത് വിവിധ സംസ്ഥാനങ്ങളിൽനിന്ന് തോട്ടം മേഖലയിൽ തൊഴിൽ തേടിയെത്തിയ തൊഴിലാളികളാണ്. കാട് നീങ്ങി ഏലം വിളഞ്ഞതോടെ ആനകൾ മറ്റ് പ്രദേശങ്ങളിലേക്കുപോയി. ചക്കുപള്ളം പഞ്ചായത്ത് 15ാം വാർഡ്, അയ്യപ്പൻകോവിൽ പഞ്ചായത്ത് ഒമ്പതാം വാർഡ്, കുമളി പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവ ചേരുന്നതാണ് ആനവിലാസം ടൗൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.