കുമളി: പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ നൽകാൻ തുറന്ന നീതി മെഡിക്കൽ സ്റ്റോറിനോട് അധികൃതരുടെ അനീതി. ആവശ്യത്തിന് മരുന്ന് എത്തിച്ചു നൽകാതെ പ്രതിസന്ധിയിലായിരുന്ന കുമളിയിലെ നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരില്ലന്ന പേരിൽ അടച്ചു പൂട്ടി. സംസ്ഥാന കൺസ്യൂമർ ഫെഡിന്റെ കീഴിൽ കുമളി ടൗണിലെ സ്ഥാപനമാണ് അധികൃതർ അടച്ചത്. കുമളി ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മുമ്പ് കുമളിയിൽ നീതി മെഡിക്കൽ സ്റ്റോർ അനുവദിച്ച ഘട്ടത്തിൽ ഇതിനെതിരെ വ്യാപകമായ നീക്കം നടന്നിരുന്നു. ഏറെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടത്തിൽ തുറക്കാനായത്.
എന്നാൽ, പ്രവർത്തിച്ചു തുടങ്ങിയതു മുതൽ ആവശ്യത്തിന് മരുന്നും സൗകര്യങ്ങളും നൽകാതെ നീതി മെഡിക്കൽ സ്റ്റോർ ഇല്ലാതാക്കാൻ അധികൃതർ ശ്രമം നടത്തി വരികയായിരുന്നെന്ന് മുമ്പ് സ്ഥാപനത്തിലുണ്ടായിരുന്നവർ തന്നെ പറയുന്നു. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെയും മരുന്ന് കമ്പനികളെയും സഹായിക്കാനാണ് ഇത്തരത്തിൽ നീക്കം നടത്തിയതെന്നാണ് വിവരം. അത്യാവശ്യമരുന്നുകൾ പോലും നീതി മെഡിക്കൽ സ്റ്റോറിൽ എത്തിച്ചു നൽകാൻ അധികൃതർ ശ്രദ്ധിച്ചിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു.
നീതി മെഡിക്കൽ സ്റ്റോർ കുമളിയിൽ പ്രവർത്തനം ആരംഭിച്ച ശേഷം നിരവധി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളാണ് കുമളിയിൽ തുറന്നത്. ഇവിടെയെല്ലാം വൻതോതിൽ കച്ചവടം നടക്കുമ്പോഴും നീതിയിൽ കച്ചവടം ഇല്ലെന്ന് വരുത്തി പൂട്ടിക്കാനാണ് തുടർച്ചയായി ശ്രമം നടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കേയാണ് ജീവനക്കാരില്ലന്ന പേരിൽ ദിവസങ്ങൾക്കു മുമ്പ് സ്ഥാപനം പൂട്ടിയത്. നീതി സ്റ്റോർ പൂട്ടലിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.