കുമളി: മലയിടിച്ച് വയലുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ പൊലീസ് രംഗത്തിറങ്ങിയതോടെ റവന്യൂ വകുപ്പിന്റെ കള്ളക്കളി പുറത്തായി. കുമളിയിലെ അട്ടപ്പള്ളം, വലിയകണ്ടം ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യാപകമായി വയൽ നികത്തുന്നത് സംബന്ധിച്ച ‘മാധ്യമം’ വാർത്തയെ തുടർന്നാണ് അധികൃതർ നടപടി ആരംഭിച്ചത്.
മണ്ണ് വ്യാപാരത്തെപ്പറ്റി വാർത്തകൾ വന്നതോടെ രംഗത്തിറങ്ങിയ പൊലീസ് മണ്ണിടിക്കുകയായിരുന്ന ജെ.സി.ബിയും മണ്ണുമായി പോയ ലോറിയും പിടികൂടി. ലോറിയിലെ മണ്ണ് വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലത്തേതാണെന്ന് വ്യക്തമായെങ്കിലും അനുമതി നൽകിയ സ്ഥലത്തേക്കായിരുന്നില്ല കൊണ്ടുപോയതെന്ന് അധികൃതർ പറഞ്ഞു.
അട്ടപ്പള്ളത്ത് വ്യാപകമായി വയൽ നികത്തിയത് ചർച്ചയായതോടെ ജില്ല മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകിയതായി കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണി പറഞ്ഞു. വില്ലേജ് ഓഫിസ് മന്ദിരം നിർമിക്കാനുള്ള സ്ഥലത്തുനിന്ന് എത്ര ക്യുബിക് മണ്ണ് എടുത്തെന്നോ എവിടെയാണ് കൊണ്ടുപോയി ഇടുന്നതെന്നോ അറിയില്ലന്ന നിലപാടാണ് റവന്യൂ അധികൃതർക്ക്.
ഇതോടെയാണ് അവരുടെ കള്ളക്കളി വ്യക്തമായത്. ഓരോ സ്ഥലത്തെയും മണ്ണ് എടുക്കുന്നതും ഇവ ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നതും സംബന്ധിച്ച് മൈനിങ് ആൻറ് ജിയോളജി വകുപ്പ്, റവന്യു വകുപ്പ് അധികൃതർക്ക് വ്യക്തമായ വിവരം വേണമെന്നും അനുമതി നൽകിയ രേഖകൾ സൂക്ഷിക്കണമെന്നുമാണ് ചട്ടം. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് ഇരുവകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏറെ കാലമായി പ്രദേശമാകെ മലയിടിച്ച് വയലുകൾ നികത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.