കുമളി: മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം സുരക്ഷിതമായി സംഘടിപ്പിക്കാന്‍ ഇടുക്കി ജില്ല ഭരണകൂടം ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങള്‍. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് നേതൃത്വം നല്കി. ഭക്തര്‍ എത്തിച്ചേരുന്നതിന് മുമ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തില്‍ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. കൂടാതെ ക്ഷേത്ര പൂജകളുടെ ഒരുക്കങ്ങളുടെയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും വിലയിരുത്തി.
നൂറോളം ഉദ്യോഗസ്ഥ പ്രതിനിധികള്‍ അടങ്ങുന്ന റവന്യു സംഘത്തെയാണ് ചിത്രാപൗര്‍ണമി ഉത്സവത്തിനായി നിയോഗിച്ചിരുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റുമാരായി ഡെപ്യുട്ടി കലക്ടര്‍മാര്‍, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരായി തഹസില്‍ദാര്‍മാര്‍, കളക്ടറേറ്റ്, ഇടുക്കി ആര്‍ഡിഒ ഓഫീസ്, പീരുമേട് താലൂക്ക് ഓഫീസ്, കുമളി വില്ലേജ് എന്നീ ഓഫിസുകളിലെ ജീവനക്കാരെയാണ് നിയോഗിച്ചത്. ഇടുക്കി ജില്ല പൊലീസ് മേധാവി മിഷ്ണു പ്രദീപ് ടി.കെ യുടെ നേതൃത്വത്തില്‍ 300 പേരടങ്ങുന്ന സംഘവും സജ്ജമായിരുന്നു.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രിക്കളില്‍ നിന്ന് 11 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടെ അഞ്ചിടങ്ങളിലായി 25 അംഗ മെഡിക്കല്‍ ടീമാണ് ഉത്സവത്തിനായി പ്രവര്‍ത്തിച്ചത്. ഐ.സി.യു ആംബുലന്‍സ് ഉള്‍പ്പെടെ 11 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. ബിപി, ഇസിജി, ഓക്സിജന്‍ ലെവല്‍ തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യവും ഓര്‍ത്തോ, സര്ജന്, ഫിസിഷ്യന്‍ എന്നീ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഉണ്ടായിരുന്നു.
വനം വകുപ്പിന്റെ നേതൃത്വത്തിലി ബസ് സ്റ്റാന്‍ഡിലെ ഒന്നാം ഗേറ്റ്, കൊക്കരക്കണ്ടം, കരടിക്കവല, ഒന്നാം പാലം, രണ്ടാം വളവ്, യൂക്കാലി വളവ്, ബ്രാണ്ടി പാറ, മംഗളാദേവി ക്ഷേത്രം, മംഗളാദേവി ലോവര്‍, തുടങ്ങി 30 ഇടങ്ങളിലായി 300 ഓളം ജീവനക്കാരെ നിയോഗിച്ചിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പാട്ടില്‍ സുയോഗ് സുബാഷ് റാവു, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ പി.ജെ. സുഹൈബ്, തേക്കടി റേഞ്ച് ഓഫീസര്‍ കെ.ഇ സിബി തുടങ്ങിയവര്‍ നേതൃത്വം നല്കി. അഗ്നി രക്ഷാ സേന, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഉത്സവക്രമീകരണങ്ങളില്‍ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.