കുമളി: ടൗണിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി കൈയേറിയതായി എം.ഡിയുടെ പരാതി. കൈയേറ്റം ഒഴിപ്പിക്കാനെത്തിയ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ ഒരുസംഘം തടഞ്ഞതോടെ പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്. സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റത്തിന് പിന്നിലെന്നാണ് വിവരം.
കുമളി ടൗണിൽ കുളത്തുപ്പാലത്തിനു സമീപം തോടിനു കുറുകെ പാലത്തിനു സമാന്തരമായി മറ്റൊരു പാലം നിർമിച്ചാണ് കെ.എസ്.ആർ.ടി.സി റോഡിലേക്ക് കൈയേറ്റം നടത്തിയതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് ദിവസം ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്താണ് ഡിപ്പോയിലേക്കുള്ള വഴി കൈയേറി സ്വകാര്യ വ്യക്തി പാലം നിർമിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വാദം.ബസ് സ്റ്റാൻഡിലേക്കുള്ള വഴിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖയിൽ കെ.എസ്.ആർ.ടി.സിയെ കൂടാതെ ഈ ഭാഗത്തുള്ള രണ്ടു വീട്ടുകാർക്ക് മാത്രമാണ് വഴി ഉപയോഗിക്കാൻ അവകാശമുള്ളത്. ഇത് മറികടന്നാണ് തോടിന് കുറുകെ സമാന്തരപാലം നിർമിച്ചത്. പാലം നിർമാണത്തിന് ഗ്രാമപഞ്ചായത്തിന്റെ അനുമതിയും തേടിയിട്ടില്ലെന്നാണ് വിവരം. സംഭവം വിവാദമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തി നിർമിച്ച പാലം വഴി വാഹനങ്ങൾ കെ.എസ്.ആർ.ടി.സി റോഡിലേക്ക് കടക്കുന്നത് തടയാൻ അധികൃതർ ഈ ഭാഗത്ത് താൽക്കാലികമായി വേലിയും നിർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.