കുമളി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ആശങ്കക്കിടയാക്കിയ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിനെ കേരള പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വള്ളക്കടവ് വഴി വാഹനത്തിലെത്തിയ എം.പിയെ അണക്കെട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഒരു മണിക്കൂറിലധികം തടഞ്ഞുവെച്ചശേഷം മടക്കി അയക്കുകയായിരുന്നു.
അണക്കെട്ടിെൻറ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവിെൻറ അനുമതിയോടെയാണ് എം.പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കലക്ടർ അനുമതി നൽകാത്തതിനാൽ തടയുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയതെന്ന് എം.പി പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയരുകയാണ്. 137.60 അടി ജലമാണ് ഇപ്പോഴുള്ളത്. നിലവിലെ സ്ഥിതി നേരിട്ട് മനസ്സിലാക്കി പാർലമെൻറിൽ ഉന്നയിക്കാനാണ് സന്ദർശനം തീരുമാനിച്ചതെന്ന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പൊലീസ് തമിഴ്നാടിെൻറ പ്രീതി പിടിച്ചുപറ്റാൻ ശ്രമം നടത്തുകയായിരുന്നു. അണക്കെട്ട് സന്ദർശിക്കുന്നതിൽ തമിഴ്നാടിനില്ലാത്ത എതിർപ്പ് കേരള പൊലീസിനെന്തുകൊണ്ടാണ് ഉണ്ടായതെന്നതിൽ സംശയമുണ്ടെന്നും അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്നും എം.പി വ്യക്തമാക്കി.
അണക്കെട്ടിലെത്തിയ എം.പി.യെ സ്പിൽവേയ്ക്ക് സമീപം ഇൻസ്പെക്ടർ സുവർണ കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകണമെന്ന് ഏറെ നേരം എം.പി ഇവരോട് ആവശ്യപ്പെട്ടെങ്കിലും പറ്റിെല്ലന്ന് വ്യക്തമാക്കി തിരിച്ചയക്കുകയായിരുന്നെന്ന് എം.പിയുടെ ഒപ്പം ഉണ്ടായിരുന്നവരും പറയുന്നു.
ചിത്രം: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയെ സ്പിൽവേക്ക് സമീപം പൊലീസ് തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.