കുമളി: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ശബരിമല തീർത്ഥാടകർ വന്നു പോകുന്ന കുമളിയിൽ ഇത്തവണ സ്ഥിതി ദയനീയം. അധികൃതരുടെ അനാസ്ഥയുടെ തെളിവായി ടൗണിലെ ശൗചാലയ നിർമ്മാണ ജോലികൾ ഇഴയുന്നു. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തീർത്ഥാടകരാണ് കുമളി വഴി ശബരിമലയ്ക്ക് പോകുന്നത്. ഇത് ഇത്തവണ പതിന്മടങ്ങ് വർധിക്കുമെന്നാണ് വിലയിരുത്തൽ.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കമ്പം മെട്ട്, കട്ടപ്പന, കുട്ടിക്കാനം വഴി വാഹനങ്ങൾ എല്ലാവർഷവും തിരിച്ചുവിടാറുണ്ട്. മലയോര ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ ഇപ്രാവശ്യം വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടാനാവില്ല.
ഇതിന് പുറമെ ഒരു പതിറ്റാണ്ടിലധികമായി നിർത്തിവെച്ചിരുന്ന തേനി റെയിൽ പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയതോടെ കുമളി വഴി കൂടുതൽ തീർത്ഥാടകർ എത്താനുള്ള സാധ്യതയുമുണ്ട്. എന്നാൽ, ഇതൊന്നും മുന്നിൽ കാണാതെയാണ് അധികൃതർ നീങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.
കുമളിയിൽ വന്നിറങ്ങുന്ന തീർഥാടകർക്ക് വൃത്തിയുള്ള കുളിമുറി ഉൾപ്പടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ല. ടൗണിലെ ബസ്റ്റാന്റിന് സമീപത്തെ ഏക ശൗചാലയ കെട്ടിടത്തിലെ അറ്റകുറ്റ പണികൾ തീർത്ഥാടന കാലമായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്.
നാട്ടുകാരും വിനോദ സഞ്ചാരികളും വന്നിറങ്ങുന്ന ബസ്റ്റാന്റിന് സമീപത്തെ വനിതാ ശൗചാലയത്തിന്റെ സ്ഥിതിയും ദയനീയമാണ്. അധികൃതരുടെ കെടുകാര്യസ്ഥത മൂലം ശൗചാലയം ലോട്ടറി കടയും മദ്യപരുടെ താവളവുമായി മാറി.
ശൗചാലയങ്ങൾക്ക് മുന്നിലെ വൃത്തിയില്ലായ്മയും പെട്ടിക്കടകളും നീക്കാൻ പോലും പഞ്ചായത്തിനായിട്ടില്ല. ശബരിമലക്ക് പോകാൻ തീർത്ഥാടകരുടെ ഏക ആശ്രയമായ കെ. എസ്.ആർ.ടി.സിയുടെ സ്ഥിതിയും വിഭിന്നമല്ല. ബസ്റ്റാന്റിനുള്ളിലെ ചോർന്നൊലിച്ച് തകർന്ന് വീഴാറായ ഓഫിസിന് മുന്നിൽ രണ്ട് പോസ്റ്റർ ഒട്ടിച്ചതു മാത്രമാണ് ആകെ നടന്ന ശബരിമല ഒരുക്കം.
ബസ്റ്റാന്റിലെത്തുന്ന ഇതര സംസ്ഥാന തീത്ഥാടകർ കെ.എസ്.ആർ.ടി.സി ഓഫിസ് കണ്ടെത്തണമെങ്കിൽ ആരെയെങ്കിലും ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുമളിയിലെത്തി ബസ്സിലും ജീപ്പിലും ശബരിമലക്ക് പോകുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കലും ദിശാ ബോർഡുകൾ സ്ഥാപിക്കലും ഇതുവരെ തുടങ്ങിയിട്ടില്ല. ശബരിമല തീർത്ഥാടന കാലത്ത് സംഘർഷത്തിന് വഴിയൊരുക്കുന്ന താൽക്കാലിക കടകൾ നിയന്ത്രിക്കാനോ യാചകരുടെ ശല്യം ഇല്ലാതാക്കാനോ ആവശ്യമായ നടപടി പഞ്ചായത്ത്, പോലീസ് അധികൃതരും സ്വീകരിച്ചിട്ടില്ല. കുമളി ഇത്തവണ തീർത്ഥാടകർക്ക് ദുരിത താവളമാകുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.