കുമളി: ഇരട്ട വോട്ടിങ്, മദ്യം, പണം എന്നിവയുടെ കൈമാറ്റം തുടങ്ങിയ നിയമലംഘനങ്ങള്‍ തടയുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടുക്കി, തേനി ജില്ലകളിലെ ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് 2024ന് മുന്നോടിയായി തേക്കടി ബാംബൂ ഗ്രോവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏകോപനത്തിനായി പ്രത്യേക നോഡല്‍ ഓഫിസറെയും നിയോഗിക്കും. മുൻ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ്, എക്സൈസ്, നികുതി വകുപ്പുകളുടെ സംയുക്ത പരിശോധന അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശനമാക്കും. വാഹന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. പ്രധാന ചെക്ക്പോസ്റ്റുകള്‍ക്ക് പുറമെ ഊടുവഴികളിലൂടെയുള്ള കൈമാറ്റങ്ങള്‍ തടയുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കും.
നിലവിലുള്ള സി.സി.ടി വി കാമറകള്‍ക്ക് പുറമെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 360 ഡിഗ്രി കറങ്ങുന്ന കാമറകള്‍ ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും വിന്യസിക്കും. ലയങ്ങളിലെയും മറ്റ് ഫാക്ടറികളിലെയും തൊഴിലാളികള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പരമാവധി സൗകര്യം ഒരുക്കും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹായിക്കുമെന്ന് യോഗം വിലയിരുത്തി. ഇതോടൊപ്പം സംയുക്ത പരിശോധനകളും ശക്തമാക്കണം.
വലിയ അളവില്‍ മദ്യ ഉല്പന്നങ്ങള് ശേഖരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പരസ്പരം കൈമാറുകയും ശക്തമായ തുടര്‍ അന്വേഷണം ഉറപ്പാക്കുകയും വേണം. അതിര്‍ത്തി പ്രദേശങ്ങളിലെ ചെറിയ നടപ്പാതകളില്‍ പോലും ഷാഡോ പൊലീസ് അടക്കമുള്ളവയുടെ പരിശോധന ഉണ്ടാകണമെന്നും ലഭിക്കുന്ന വിവരങ്ങള്‍ പരസ്പരം കൈമാറി തെരഞ്ഞെടുപ്പ് പൂര്‍ണമായി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് സംയുക്തശ്രമം ഉണ്ടാകുമെന്നും യോഗം ഉറപ്പാക്കി. യോഗത്തില്‍ ഇടുക്കി ജില്ല കലക്ടര്‍ ഷീബ ജോര്‍ജ്, തേനി ജില്ല കലക്ടര്‍ ആര്.വി. ഷജീവന, ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, തേനി ജില്ലാ പൊലീസ് മേധാവി ആര്. ശിവപ്രസാദ്, മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ രമേശ് ബിഷ്ണോയി, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍, ഇടുക്കി ആര്.ടി.ഒ തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.