കുമളി: വേനൽ ചൂട് വർധിച്ചതോടെ കേരള-തമിഴ്നാട് അതിർത്തിയിലെ ചുരുളി വെള്ളച്ചാട്ടം വറ്റി. പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മേഘമല കടുവ സങ്കേതത്തിനുള്ളിലാണ് ചുരുളി വെള്ളച്ചാട്ടം. മലമുകളിലെ മഴവെള്ളം തൂവാനം അണക്കെട്ടിൽ സംഭരിച്ചു നിർത്തി കാട്ടിനുള്ളിലൂടെ ഒഴുകിയെത്തുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്ന ചുരുളി വെള്ളച്ചാട്ടം. വനമേഖലയിലും മഴയില്ലാതായതോടെ അണക്കെട്ടുകളും വറ്റിവരണ്ടു. തേനി ജില്ലയിലെ ചുരുളി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ നിരവധി ത്വഗ്രോഗങ്ങൾ സുഖപ്പെടുമെന്നാണ് തമിഴ്നാട്ടുകാരുടെ വിശ്വാസം.
വനമേഖലയിലെ ഔഷധഗുണമുള്ള ചെടികളിൽ വീണ് ഒഴുകിവരുന്ന ജലമായതിനാലാണ് ഇതിന് പ്രത്യേക ഗുണമുള്ളതായി കരുതുന്നത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കു പുറമെ, കർണാടകയിൽനിന്നുള്ള സഞ്ചാരികൾക്കും തേക്കടി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ് ചുരുളി വെള്ളച്ചാട്ടം.
കമ്പത്തുനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാണ് മലയടിവാരത്തിലുള്ള ചുരുളിയിലെത്തുക. വേനൽ മഴ പെയ്താൽ വീണ്ടും സജീവമാകുമായിരുന്ന വെള്ളച്ചാട്ടം ഇപ്രാവശ്യം മഴയില്ലാത്തതിനാൽ പൂർണമായും വറ്റിയ നിലയിലാണ്. വെള്ളച്ചാട്ടം വറ്റിയ വിവരം അറിയാതെ പല ഭാഗത്തുനിന്നും എത്തുന്ന സഞ്ചാരികൾ ഏറെ നിരാശയോടെയാണ് ചുരുളിയിൽനിന്ന് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.