കുമളി: വേനലായതോടെ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ആഘോഷമാക്കി വാട്ടർ അതോറിറ്റി. അട്ടപ്പള്ളത്ത് കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡ് പൊളിക്കാനെത്തിയവരെ നാട്ടുകാർ വിരട്ടി ഓടിച്ചു. കുമളി അട്ടപ്പള്ളം വഴി കട്ടപ്പന ഭാഗത്തേക്കുള്ള റോഡ് പൊളിക്കാനാണ് വാട്ടർ അതോറിറ്റി അധികൃതർ എത്തിയത്.
ഈ ഭാഗത്ത് പൈപ്പ് പൊട്ടിയൊഴുകുന്നതായി നാട്ടുകാരെ വിശ്വസിപ്പിച്ചായിരുന്നു കുത്തിപ്പൊളിക്കൽ. എന്നാൽ, പ്രദേശത്ത് പൈപ്പ് പൊട്ടിയത് കാണാത്തതിനാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പണി മതിയാക്കി അധികൃതർ സ്ഥലം വിട്ടു.
വർഷങ്ങളായി തകർന്നു കിടന്ന അട്ടപ്പള്ളം റോഡ് അടുത്തിടെയാണ് കോടികൾ ചിലവഴിച്ച് പുതുക്കിപ്പണിതത്. കുമളി ടൗണിൽ ദേശീയ പാതയിൽ പലതവണ റോഡ് പൊളിച്ച് പൈപ്പ് നന്നാക്കിയെങ്കിലും ഇപ്പോഴും വെള്ളം ഒഴുകുന്നത് തടയാനായിട്ടില്ല. അടുത്തിടെ പണി പൂർത്തിയാക്കിയ മിക്ക റോഡിലും പൈപ്പ് കണക്ഷൻ കൊടുക്കാനും വെള്ളം ലീക്കാകുന്നത് തടയാനും കുത്തിപ്പൊളിക്കൽ വ്യാപകമാണ്. പൊളിക്കുന്ന റോഡുകൾ പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് അധികൃതരും ശ്രദ്ധിക്കാറില്ല.
കുമളി അമരാവതി, കാരക്കണ്ടം കുരിശുമല, റോസാപ്പൂക്കണ്ടം, താമരക്കണ്ടം, ലബ്ബക്കണ്ടം മേഖലകളിൽ പുതുതായി വാട്ടർ കണക്ഷൻ കൊടുക്കാൻ റോഡ്പൊളിച്ചെങ്കിലും ഇതൊന്നും പുനർനിർമ്മിക്കാത്തത് നാട്ടുകാർക്ക് ദുരിതമായിട്ടുണ്ട്.
വാട്ടർ അതോറിറ്റി - പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ ഒത്തുകളിച്ചാണ് നല്ല റോഡുകൾ മുഴുവൻ തകർക്കുന്നതെന്നും ഇതിന് പിന്നിൽ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരുമായുള്ള ഒത്തുകളിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.