കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കാൻ നേതൃ ത്വം നൽകിയ ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന് അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് സ്മാരകം ഒരുക്കി തമിഴ്നാട്. ലണ്ടനിലെ കേമ്പർലിയിലാണ് തമിഴ്നാട് സർക്കാറിന്റെ നേതൃത്വത്തിൽ സ്മാരകം നിർമിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിനുശേഷം ലണ്ടനിലെത്തി വിശ്രമജീവിതത്തിലായിരുന്ന പെന്നിക്വിക്ക് അവിടെവെച്ചാണ് മരണപ്പെട്ടത്. കേമ്പർലിയിലെ സെന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിലാണ് അടക്കംചെയ്തത്.
തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡുഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ കുടിവെള്ള, കൃഷി ആവശ്യങ്ങൾക്കായാണ് മുല്ലപ്പെരിയാർ ജലം ഉപയോഗിക്കുന്നത്. തരിശായിരുന്ന ഈ പ്രദേശം മുല്ലപ്പെരിയാർ ജലം എത്തിയതോടെയാണ് പച്ചപുതച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ട് ശിൽപിക്ക് ആദരവായി സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പിൽ നേരത്തെ പ്രത്യേക സ്മാരകം നിർമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനിൽ സ്മാരകം വേണമെന്ന ആവശ്യം ഉയർന്നത്. സ്മാരക അനാച്ഛാദനത്തിനായി തമിഴ്നാട് പൊതുവിതരണ മന്ത്രി ഐ. പെരിയസ്വാമി, കമ്പം, ആണ്ടിപ്പെട്ടി എം.എൽ.എമാരായ എൻ. രാമകൃഷ്ണൻ, മഹാരാജൻ എന്നിവർ കഴിഞ്ഞദിവസം ലണ്ടനിൽ എത്തിയെങ്കിലും ബ്രിട്ടീഷ് രാഞ്ജിയുടെ മരണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ നടത്താനായില്ല. പത്തുദിവസത്തെ ദുഃഖാചരണത്തിനുശേഷം അനാച്ഛാദനം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.