കുമളി: പ്ലാസ്റ്റിക് കിറ്റുകൾ, സഞ്ചികൾ എന്നിവക്കെതിരെ പോരാട്ടം തുടരുന്ന മലയാളികൾക്ക് പകരം സംവിധാനം ഒരുക്കാൻ കഴിയാത്തപ്പോൾ, അതിർത്തിയിൽ തുണിസഞ്ചി ഓട്ടോമാറ്റിക് കൗണ്ടർ ഒരുക്കിയിരിക്കുകയാണ് തമിഴ്നാട്. കുമളി ടൗണിൽ കേരള -തമിഴ്നാട് അതിർത്തിയോട് ചേർന്ന തമിഴ്നാട് പൊലീസ് ഔട്ട് പോസ്റ്റ് കെട്ടിടത്തിന് മുന്നിലാണ് കൗണ്ടർ. തമിഴ്നാട്ടിൽ ഏറെ കാലങ്ങളായി നിലവിലുള്ള മഞ്ഞ സഞ്ചി കൗണ്ടറാണ് അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ളത്.
ബാങ്കുകളുടെ എ.ടി.എം കൗണ്ടർ മാതൃകയിലാണ് ഇതിന്റെയും പ്രവർത്തനം. പത്ത് രൂപ നാണയം നിക്ഷേപിച്ചാലുടൻ ആറായി മടക്കിയ മഞ്ഞ സഞ്ചി കൗണ്ടറിൽനിന്ന് പുറത്തുവരും. നല്ല ഈടും ഉറപ്പുമുള്ള സഞ്ചിയിൽ തമിഴ്നാട് സർക്കാറിന്റെ മുദ്രയുമുണ്ട്.
പതിറ്റാണ്ടുകൾക്ക് മുമ്പേ തമിഴ്നാട്ടിൽനിന്നെത്തുന്ന വ്യാപാരികൾ പണം സൂക്ഷിക്കുന്നതിനും ഭക്ഷണം കൊണ്ടുവരാനുമെല്ലാം ഇത്തരം സഞ്ചികളാണ് ഉപയോഗിച്ചിരുന്നത്. ഇടക്കാലത്ത് തമിഴരും പ്ലാസ്റ്റിക്കിലേക്ക് മാറിയെങ്കിലും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് തുണിസഞ്ചി കൗണ്ടറുകൾ സർക്കാർ തുറന്നത്. അതിർത്തിയിലെ തുണിസഞ്ചി കൗണ്ടർ കുമളിയിലെത്തുന്ന ശബരിമല തീർഥാടകർ, യാത്രക്കാർ, വിനോദസഞ്ചാരികൾ, വ്യാപാരികൾ എന്നിവർക്കെല്ലാം ഏറെ പ്രയോജനപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.