കുമളി: ടൗണിൽനിന്ന് തേക്കടിക്കുള്ള ബൈപാസ് റോഡ്, കലുങ്ക് ഉയർത്തിപ്പണിയാതെ പുനർനിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. മഴക്കാലത്ത് വെള്ളക്കെട്ട് ഗതാഗത സ്തംഭനം സൃഷ്ടിക്കുന്ന കലുങ്ക് ഉയർത്തിപ്പണിത് വെള്ളക്കെട്ട് ഇല്ലാതാക്കിയാൽ മാത്രമേ റോഡ് നിർമിച്ചാലും ഫലമുള്ളുവെന്ന് നാട്ടുകാർ പറയുന്നു.
പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾ അനുവദിച്ച ഒരുകോടി ഫണ്ട് ഉപയോഗിച്ച് ബൈപാസ് റോഡ് ടൈൽ പാകാനുള്ള നടപടിയാണ് പൊതുമരാമത്ത് വിഭാഗം ആരംഭിച്ചിട്ടുള്ളത്. പെരിയാർ വനമേഖലയുടെ റോസാപ്പൂക്കണ്ടം ഭാഗത്തുനിന്ന് ആരംഭിച്ച് ആനവാച്ചാലിൽ അവസാനിക്കുന്ന കനാലിലെ വെള്ളവും ബൈപാസ് റോഡരികിലെ ഓടയിലെ വെള്ളവും ഈ കലുങ്കിലെത്തിയാണ് തേക്കടി കനാലിലേക്ക് ഒഴുകുന്നത്.
കലുങ്കിനിടയിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച കുടിവെള്ള സംഭരണ ടാങ്കിലേക്കുള്ള കൂറ്റൻ പൈപ്പാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പൈപ്പിലേക്ക് ചപ്പുചവറുകൾ വന്നടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നതോടെ കലുങ്ക് ഉൾപ്പെടുന്ന ഭാഗത്ത് വെള്ളക്കെട്ട് പതിവാണ്. സമീപത്തെ കടകൾ, വീടുകൾ, കൃഷിയിടങ്ങളിലേക്കും വെള്ളം കയറുന്നത് പതിവ് സംഭവമാണ്.
ഈ ഭാഗത്തെ കലുങ്ക് ഉയർത്തി പണിയുകയും അടിയിലുള്ള പൈപ്പ് ഉയർത്തി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ മഴക്കാലത്തെ വെള്ളക്കെട്ട് ഇല്ലാതാവുകയുള്ളൂവെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇതുസംബന്ധിച്ച് നാട്ടുകാർ പലതവണ പൊതുമരാമത്ത് അധികൃതരെ കണ്ടെങ്കിലും കലുങ്ക് നിർമിക്കാതെ റോഡ് ടൈൽ പാകാനുള്ള നടപടിയുമായി മുന്നോട്ടുനീങ്ങിയതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഭാരമേറിയ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴി ടൈൽ പാകുന്നതിനെക്കാൾ നല്ലത് ടാർ ചെയ്ത് നിലനിർത്തുന്നതാണെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.