കുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ മഞ്ഞളാർ അണക്കെട്ടിലെ ജലനിരപ്പ് 55 അടിയായി ഉയർന്നതിനെത്തുടർന്ന് ഇവിടെനിന്ന് ജലം തുറന്നുവിട്ടു. തേനി, ദിണ്ഡിഗൽ ജില്ലകളിലെ തീരപ്രദേശങ്ങളിൽ അവസാനഘട്ട വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതിനുപിന്നാലെയാണ് ജലം തുറന്നുവിട്ടത്.
കൊടൈക്കനാൽ വനമേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് പെരിയകുളത്തിന് സമീപം 57 അടി സംഭരണ ശേഷിയുള്ള മഞ്ഞളാർ അണക്കെട്ടിലെ ജലനിരപ്പ് 55 അടിയിലെത്തിയത്.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തേനി, ദിണ്ഡിഗൽ ജില്ലകളിലെ ദേവധാനപട്ടി, ശിവജ്ഞാനപുരം, വത്തലക്കുണ്ട് ഉൾെപ്പടെയുള്ള മലഞ്ചെരുവിലെ ജലം ഒഴുകുന്ന തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ 435.32 ദശലക്ഷം ഘനയടി ജലമാണ് അണക്കെട്ടിൽ സംഭരിക്കപ്പെട്ടിട്ടുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
94 ഘനയടി വെള്ളമാണ് മിച്ചജലമായി തുറന്നുവിട്ടിട്ടുള്ളത്. ഇതിനിടെ, മഴ ശക്തിപ്പെടാത്തതിനാൽ മുല്ലപ്പെരിയാർ ജലനിരപ്പ് 117.70 അടിയായി തുടരുകയാണ്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 527 അടിയും തമിഴ്നാട്ടിലേക്ക് 511ഘന അടിയും തുറന്നുവിട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗയിൽ 47.41 അടി ജലമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് സംഭരണശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.