കാട്ടിനുള്ളിലെ പരിശീലന കേന്ദ്രത്തിലേക്ക് എത്തിച്ച കുട്ടി കടുവ മംഗള

അമ്മയെ തേടിയുള്ള യാത്രയ്ക്ക് തുടക്കമിട്ട് കടുവക്കാട്ടിലെ 'മംഗള'

കുമളി: കൊടുംകാടിന് നടുവിൽ ഒറ്റപ്പെട്ടു പോയ പൈതലിൻെറ അവശതയിൽ നിന്നും കരുത്തിലേക്ക് വളർച്ച നേടിയ കടുവക്കുട്ടി 'മംഗള'യുടെ ജീവിത യാത്രക്ക് തുടക്കമായി. കഴിഞ്ഞ വർഷം നവംബർ 11നാണ് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി മലയടിവാരത്തിൽ അമ്മ ഉപേക്ഷിച്ചുപോയ രണ്ടു മാസം പ്രായമുണ്ടായിരുന്ന കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്.

അന്ന് 2.8 കിലോഗ്രാം ആയിരുന്നു ഭാരം. 'മംഗള' എന്ന വിളിപ്പേര് നൽകി വാച്ചർമാരായ കുട്ടനും രവിയും പരിചരണം ഏറ്റെടുത്ത് 7 മാസം പിന്നിടുമ്പോൾ ഭാരം 40 കിലോ ആയി വർധിച്ച് കടുവ കൂടുതൽ കരുത്താർജിച്ചിരിക്കുന്നു. ദിവസവും പാലിനു പുറമേ ഒന്നരക്കിലോ ഇറച്ചിയും മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പരിചരണവും ലഭിച്ചതോടെ കാലുകൾക്കും കണ്ണിനുമുണ്ടായിരുന്ന പ്രശ്നങ്ങൾ മാറി.

പരിചാരകരായ വാച്ചർമാരിൽ നിന്നും ക്രമേണ അകറ്റി സ്വന്തമായി കാട്ടിനുള്ളിൽ നിന്നും ആഹാരം തേടാൻ പ്രാപ്തമാക്കി തുറന്നു വിടാനുള്ള ഒരുക്കത്തിലാണ് വനപാലകർ. ഇതിനായി ഇതേവരെ സംരക്ഷിച്ചിരുന്ന കാട്ടിനുള്ളിലെ കരടിക്കവലയിൽ നിന്നും ഇരുമ്പുകൂട്ടിലാക്കി, കൊക്കരക്കണ്ടതിനു സമീപം പ്രത്യേകം ഒരുക്കിയ 'വന പരിശീലന' കേന്ദ്രത്തിൽ മംഗളയെ തുറന്നു വിട്ടു. കാട്ടിനുള്ളിലേക്ക് തുറന്നു വിടുന്നതിൻെറ ആദ്യ ഘട്ടമായാണ് കരടി കവലയിൽ നിന്നും കൊക്കരയിലേക്കുള്ള മാറ്റം.

ലോക കടുവ ദിനമായിരുന്ന വ്യാഴാഴ്ച ദേശീയ കടുവ സംരക്ഷണ അതോരിറ്റിയുടെ നിർദേശപ്രകാരമായിരുന്നു നടപടികൾ. പ്രത്യേക പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലും ചുറ്റുവേലിക്കുള്ളിലെ കാട്ടിലുമായി വേട്ടയാടാനുള്ള പരിശീലനം പൂർത്തിയാക്കും. ഇതിനു ശേഷമാണ് പെരിയാർ കടുവ സങ്കേതമെന്ന വിശാലമായ കാടിനുള്ളിലേക്ക് അമ്മയെ തേടി മംഗളയുടെ യാത്ര തുടങ്ങുക.

Tags:    
News Summary - tiger named mangala in periyar tiger reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.