കുമളി: സഹപാഠിയായ വിദ്യാർഥിനിയോട് സംസാരിച്ചതിെൻറ പേരിൽ സഹോദരങ്ങളായ വിദ്യാർഥികളെ ഒരു സംഘം പിടിച്ചുകൊണ്ടുപോയി തടഞ്ഞുവെച്ച് മർദിച്ചതായി പരാതി. കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ടുപേർക്കാണ് മർദനമേറ്റത്. ഇവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന 17കാരനെയും സഹോദരനായ 16 കാരെനയും ഏഴംഗ സംഘം വനമേഖലയിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടികൾ നടന്നുപോകുന്നതിനിടെ സഹപാഠിയായ പെൺകുട്ടിയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത മദ്യലഹരിയിലായിരുന്ന ഏഴംഗ സംഘം കുട്ടികളെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപിച്ചു.
രാത്രി എട്ടുവരെ മർദനം തുടർന്നശേഷം പുറത്തുവിടാൻ അര ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. മർദനമേറ്റ് അവശരായ കുട്ടികൾ വെള്ളിയാഴ്ചയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. പെരിയാർ വനമേഖലയോട് ചേർന്ന പ്രദേശത്ത് കഞ്ചാവും ലഹരിമരുന്നുമായി സ്ഥിരം ചുറ്റിയടിക്കുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.