കുമളി: വണ്ടിപ്പെരിയാർ, അരണക്കൽ എസ്റ്റേറ്റേറ്റിലെ മൗണ്ട് ഭാഗത്ത് തേയില തോട്ടത്തിലിറങ്ങിയ പുലികൾ പശുവിനെ കൊന്നു. തോട്ടം തൊഴിലാളിയായ സുശീലയുടെ ആറ് വയസ്സുള്ള പശുവിനെയാണ് പുലികൾ കൊന്നത്. ശനിയാഴ്ച പുലർച്ച തോട്ടത്തിലൂടെ ഇരുചക്രവാഹനത്തിൽ പോയ ജീവനക്കാരനാണ് പുലികളെ കണ്ടത്. തോട്ടത്തിനുള്ളിലെ പുൽമേടുകളിൽ മേയാൻ വിട്ട പശുവിനെയാണ് പുലികൾ കൊന്നത്.
പാൽ വിൽക്കുന്നത് വഴി ലഭിച്ച വരുമാനമായിരുന്നു സുശീലയുടെ പ്രധാന വരുമാനം. പശുവിനെ പുലികൾ കൊന്നതോടെ സുശീലയുടെ ജീവിതം പ്രതിസന്ധിയിലായി. പെരിയാർ കടുവ സങ്കേതത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് അരണക്കൽ എസ്റ്റേറ്റ്. ഇതിനോടകം നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ, പുലി എന്നിവ കൊന്നത്. വന്യ ജീവികൾ നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള വൈദ്യുത വേലികളോ കിടങ്ങുകളോ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
അര ലക്ഷത്തിലധികം രൂപ വിലകൊടുത്തു വാങ്ങിയ പശുവിനെയാണ് പുലികൾ കൊന്നതെന്ന് ഉടമ പറയുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മുറിഞ്ഞപുഴ സെക്ഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി. പശുവിന്റെ ജഢം പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ പുലികളെ കണ്ടെത്താനായില്ലങ്കിലും പല ഭാഗത്തും ഒന്നിലധികം പുലികളുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തേയില തോട്ടത്തിനുള്ളിൽ പുലികൾ ഇറങ്ങി പശുവിനെ കൊന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.