മൂലമറ്റം\പീരുമേട്: ജില്ലയിൽ മൂലമറ്റത്തിന് സമീപം രണ്ടിടത്തും പീരുമേട് ചെറുവള്ളിക്കുളത്തും വ്യാഴാഴ്ച ഉരുൾപൊട്ടി. ആളപായമില്ല. മൂലമറ്റം പതിപ്പള്ളി മേമുട്ടം റോഡിൽ ചക്കുവര ഭാഗത്തും ചെളിക്കൽ കവലയിലുമാണ് ഉരുൾപൊട്ടിയത്.ഉരുൾപൊട്ടലിനെ തുടർന്ന് മേമുട്ടം റോഡ് തകർച്ച ഭീഷണിയിലായി. വ്യാപക കൃഷി നാശവും സംഭവിച്ചു. റോഡിനോട് ചേർന്ന് 30 മീറ്റർ നീളത്തിലാണ് ഉരുൾ പൊട്ടിയത്. സുര്യകുന്നേൽ ഗോപാലന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് താഴ്ന്നു. റോഡിനോട് ചേർന്ന് 50 മീറ്റർ നീളത്തിൽ മണ്ണ് വീണ്ട് കീറിയിരിക്കുകയാണ്.
എത് സമയത്തും ഈ ഭാഗം ഇടിഞ്ഞ് വീഴാവുന്ന സാഹചര്യമാണ്.നിരവധിയാളുകളുടെ കൃഷി ദേഹണ്ഡങ്ങൾ നശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കനത്ത മഞ്ഞ് കാരണം നാശനഷ്ടങ്ങൾ പൂർണമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. റോഡിനടിവശം വീണ്ടുകീറിയിരിക്കുന്നതിനാൽ താഴെ ഭാഗത്ത് ഇറങ്ങി പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.
പഞ്ചായത്തിന്റെയും ജലനിധിയുടെയും പൈപ്പ് ലൈനുകളടക്കം തകർന്നിട്ടുണ്ട്. ആശ്രമം ചേറാടി റോഡ് പുളിക്കൽ തോടിന് സമീപം വെച്ച് മുറിഞ്ഞ് രണ്ടായി വേർപെട്ട നിലയിലാണ്.മൂലമറ്റം ഇലപ്പള്ളി ചെളിക്കൽ കവലയിൽ വട്ടപ്പാറ ഉണ്ണിയുടെ സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ സമീപത്തെ പാറേക്കാട്ടിൽ തോമസ്, വട്ടപ്പാറയിൽ മോഹനൻ എന്നിവരുടെ ഒരേക്കറോളം സ്ഥലം നശിച്ചു. തോമസിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഉരുൾ ജലം റോഡിലെത്തി നികന്നൊഴുകിയതിനാൽ കാര്യമായ അപകടമുണ്ടായില്ല
പീരുമേട് താലൂക്കിന്‍റെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണ്. ചെറുവള്ളിക്കുളത്ത് ഉരുൾപൊട്ടി കൃഷി ഭൂമി നശിച്ചു. ഇടുക്കി അണക്കെട്ടിൽ വെള്ളം എത്തിക്കുന്ന അഴുത ഡൈവർഷൽ പദ്ധതിയുടെ ചെക്ക്ഡാം കവിഞ്ഞൊഴുകുകയാണ്. അഴുതയാർ കരകവിഞ്ഞൊഴുകി ആറ്റോരം റോഡിൽ വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.