മൂന്നാർ: സർക്കാർ 13 കോടി അനുവദിക്കുകയും മന്ത്രി എത്തി നിർമാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിട്ട് രണ്ടുമാസം പിന്നിട്ടെങ്കിലും വനാന്തര ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ അവസ്ഥ പഴയതുതന്നെ.
ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാൻ കഴിയാത്തതിനാൽ കഴിഞ്ഞ മാസത്തെ പഞ്ചായത്ത് ഭരണസമിതി യോഗംപോലും നടത്താനായില്ല. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെ റേഷൻ കടയിൽ റേഷൻ ഉൽപന്നങ്ങൾ എത്തിക്കാൻ കഴിയാത്തതിനാൽ കാടും മലയും താണ്ടിയും വന്യമൃഗങ്ങളെ ഭയന്നും രണ്ടര മണിക്കൂർവരെ നടന്നാണ് വിദൂര ഊരുകളിലെ കുടുംബങ്ങൾ റേഷൻ വാങ്ങുന്നത്. നിലവിൽ ഇഡലിപ്പാറ റേഷൻ കടയിൽ എത്തണം ഇവർക്ക് അരി കിട്ടണമെങ്കിൽ.
വിദൂര ഊരുകളായ മുളകുതറ, കൂടല്ലാർ, മീൻകുത്തി, നെന്മണൽ തുടങ്ങിയ കോളനികളിൽനിന്നുള്ളവരാണ് ഇത്രയും ദൂരം നടന്ന് ഇഡലിപ്പാറയിൽ എത്തേണ്ടത്. വനാതിർത്തിയായ പെട്ടിമുടിയിൽനിന്ന് ഇഡലിപ്പാറ വരെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് 13 കോടി അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. ഇവർ ടെൻഡർ നൽകുകയും നിർമാണക്കരാർ ഒപ്പിടുകയും ചെയ്തെങ്കിലും പണി തുടങ്ങിയില്ല.
മഴക്കാലമായതോടെ ചെളിക്കുണ്ടായി മാറിയ ഈ പാതയിൽ വടവും തൂമ്പയുമായാണ് ജീപ്പുകൾ ഓടുന്നത്. പലഭാഗത്തും വടംകെട്ടി വലിച്ചും റോഡിലെ ചളിയും കല്ലും നീക്കംചെയ്യുകയും ചെയ്താലേ ജീപ്പുകൾക്ക് മുന്നോട്ടുനീങ്ങാൻ കഴിയുകയുള്ളൂ. ഉദ്യോഗസ്ഥർക്ക് എത്താൻ ബുദ്ധിമുട്ടായതിനാൽ പഞ്ചായത്ത് ഓഫിസ് പേരിനുമാത്രമാണ് പ്രവർത്തനം.
ഊരുനിവാസികൾക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 50 കിലോമീറ്റർ താണ്ടി ദേവികുളത്ത് എത്തണം. അനുവദിച്ച തുക ഉപയോഗിച്ച് റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് ഇടമലക്കുടി ഭരണസമിതി അംഗങ്ങളുടെയും കുടിനിവാസികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.