മൂന്നാർ: അനുദിനം പെരുകുന്ന ഓട്ടോകളും ഓട്ടോ സ്റ്റാൻഡുകളും മൂന്നാർ പട്ടണത്തെ മൊത്തത്തിൽ ഒരു ഓട്ടോ സ്റ്റാൻഡാക്കി മാറ്റിക്കഴിഞ്ഞു. ഓട്ടോ ഡ്രൈവർമാർ തോന്നുന്ന സ്ഥലമെല്ലാം സ്റ്റാൻഡുകളാക്കി മാറ്റിയതോടെ ടൗണിൽ മറ്റ് വാഹനങ്ങൾക്ക് നിർത്തിയിടാനോ കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ്.
മൂന്നാർ ടൗണിൽ അഞ്ച് അംഗീകൃത ഓട്ടോ സ്റ്റാൻഡുകളാണ് ഉണ്ടായിരുന്നത്. ഗതാഗത ഉപദേശക സമിതി അംഗീകരിച്ച ഇവ മെയിൻ സ്റ്റാൻഡ്, മാട്ടുപ്പെട്ടി റോഡ്, പോസ്റ്റ് ഓഫിസ് കവല, നല്ലതണ്ണി റോഡ്, പെരിയവരൈ റോഡ് എന്നിവയാണ്. എന്നാൽ, ഇപ്പോൾ ടൗണിൽ എവിടെ നോക്കിയാലും ഓട്ടോ സ്റ്റാൻഡുകളാണ്. ഒന്നര ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മൂന്നാർ പട്ടണത്തിൽ നിലവിൽ പതിനൊന്നിടത്താണ് ഓട്ടോ സ്റ്റാൻഡുകളുള്ളത്. ഇവയൊന്നും ഗതാഗത ഉപദേശക സമിതിയുടെ അനുമതി ഉള്ളവയല്ല.
ഓട്ടോകളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് ഡ്രൈവർമാർ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ മുഴുവൻ സ്വയം സ്റ്റാൻഡുകളാക്കി മാറ്റുകയാണ്. ഇത് കൂടാതെ പഴയ അംഗീകൃത സ്റ്റാൻഡുകളുടെ വിസ്തൃതിയും ഇവർ തന്നെ വർധിപ്പിച്ചു. മെയിൻ സ്റ്റാൻഡിലും മാട്ടുപ്പെട്ടി റോഡ് സ്റ്റാൻഡിലും രണ്ടും മൂന്നും നിരയായി റോഡ് മധ്യംവരെ ഓട്ടോകൾ നിർത്തിയിടുന്നു.
ടാറ്റ ജനറൽ ആശുപത്രിയിലേക്കുള്ള ജി.എച്ച് റോഡിലാകട്ടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മുഴുവൻ ഓട്ടോ സ്റ്റാൻഡാണ്. ഇതിൽ ചിലത് രാവിലെ ഇട്ട ശേഷം വൈകീട്ട് എടുത്തുകൊണ്ടു പോകുന്നവയാണ്.മൂന്നാറിൽ ഒഴിവ് ദിനങ്ങളിൽ സന്ദർശക വാഹനങ്ങൾ കൂടുതൽ എത്തുന്നതോടെ ടൗണിലാകെ വാഹനക്കുരുക്കാണ്. നടപ്പാത പോലുമില്ലാത്ത ഈ റോഡുകളിൽ ഈ വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചുവേണം കാൽനടക്കാർ സഞ്ചരിക്കാൻ. ഇതുമൂലം കാൽനടക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ സംഘർഷം പതിവാണ്. മൂന്നാർ പട്ടണത്തിൽ ഉൾക്കൊള്ളാവുന്നതിലും പല മടങ്ങാണ് ഇവിടത്തെ ഓട്ടോകളുടെ എണ്ണം. ഓട്ടോകൾക്ക് പെർമിറ്റ് നൽകുന്നത് ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ അപകടങ്ങളും കാൽനടക്കാരുമായുള്ള സംഘർഷങ്ങളും വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.