മൂന്നാര്‍: പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടിയിൽ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നത് അതിസാഹസികമായി. ശക്തമായ കുത്തൊഴുക്കുള്ള പെട്ടിമുടിയാറ്റിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം. ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് ആസൂത്രിത തിരച്ചിൽ.
കല്ലിടുക്കുകളും കയങ്ങളും കൃത്യമായി അറിയാവുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സ്കൂബ ഡൈവിങ് ടീമും മൂന്നാര്‍ അഡ്വഞ്ചര്‍ അക്കാദമിയില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുമാണ് പുഴയിലെ തിരച്ചിലിന് നേതൃത്വം വഹിക്കുന്നത്. മൂന്ന് കി.മീ. മുകളില്‍നിന്ന് പൊട്ടിവന്ന ഉരുള്‍ പെട്ടിമുടിയാറ്റിലാണ് പതിച്ചത്. തിരച്ചിലിെൻറ ആദ്യദിവസം രണ്ട് മൃതദേഹങ്ങള്‍ കിട്ടിയതും പുഴയില്‍നിന്നാണ്. ഇതിനുശേഷമാണ് പുഴയില്‍ തിരച്ചില്‍ സജീവമാക്കിയത്.
കഴിഞ്ഞദിവസം നടത്തിയ തിരച്ചിലില്‍ പുഴയില്‍നിന്ന് ആറ് മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ പെട്ടിമുടിയാര്‍ സംഗമിക്കുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. പുഴയില്‍ പ്രദേശങ്ങളെ സംബന്ധിച്ച വ്യക്തതയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വഴികാട്ടുന്നത്. ശക്തമായ മഴയും കുത്തൊഴുക്കും മൂടല്‍മഞ്ഞും അടക്കം പ്രതിസന്ധികളെ അവഗണിച്ചാണ് ഇവരുടെ തിരച്ചില്‍.
രണ്ടാംദിനമാണ് പുഴ കേന്ദ്രീകരിച്ച് സംഘം തിരച്ചില്‍ നടത്തുന്നത്. ആദ്യദിനം എന്‍.ഡി.ആര്.എഫിെൻറ നേതൃത്വത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ യന്ത്രങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും എട്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ടാംദിനം പൊലീസ് നായ്ക്കളായ മായ, ഡോണ്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ തിരച്ചില്‍ എട്ടടി താഴ്ചയില്‍ കിടന്ന ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി.
മൂന്നാംദിനം ഉച്ചവരെ വിവിധ സംഘങ്ങളായി തിരിഞ്ഞ് ദുരന്തമേഖലയില്‍ പൂര്‍ണതോതില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പെട്ടിമുടിയാറ്റില് തിരച്ചില്‍ ആരംഭിച്ചത്.
രണ്ടും മൂന്നും കിലോമീറ്റര്‍ അകലെനിന്നാണ് കുട്ടികളുടെയടക്കം മൃതദേഹങ്ങള്‍ സംഘം കണ്ടെത്തിയത്. ഡീന്‍ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രന് എം.എൽ.എ, ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്കുമാര്‍ എന്നിവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തി രംഗത്തുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.