തൊടുപുഴ: മൂന്നാര്‍ എൻജിനീയറിങ് കോളജ് കാമ്പസില്‍ ആരംഭിച്ച മദ്രാസ് ഐ.ഐ.ടിയുടെ കാലാവസ്ഥ വ്യതിയാന ഗവേഷണ കേന്ദ്രത്തിെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. എസ്. രാജേന്ദ്രന് എം.എൽ.എ കേന്ദ്രം നാടിന് സമര്‍പ്പിച്ചു.
മുന്‍കാല അനുഭവങ്ങള്‍ വിലയിരുത്തിയാല്‍ മൂന്നാറില്‍ ഇത്തരത്തിലൊരു സ്ഥാപനം ലഭ്യമായത് ഭാവിയില്‍ ഒട്ടേറെ അപകടങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. മനുഷ്യ ഇടപെടലിലൂടെ ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെ കൃത്യമായ സമയക്രമം അനുസരിച്ച് നിരീക്ഷണം നടത്തി വിവര ശേഖരണമാണ് ലക്ഷ്യം. നാച്വറല്‍ എയ്റോസോള്‍ ആൻഡ് ബയോ എയ്റോസോള്‍ ഹൈ ആൾട്ടിറ്റ്യൂഡ് ലബോറട്ടി എന്നാണ് ഗവേഷണ കേന്ദ്രത്തിെൻറ പേര്.
ഐ.ഐ.ടി മദ്രാസും ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ് കോട്ടയവും തമ്മിലെ ധാരണപത്രം ഒപ്പുെവച്ചു. മുഖ്യമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന് ഓണ്‍ലൈനായി പങ്കെടുത്തു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെൻറ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് കെ.പി. സുധീര്‍, ഐ.ഐ.ടി മദ്രാസിലെ ഡീന്‍ പ്രഫ. രവീന്ദ്രനാഥ് ഗട്ടു, മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. ജയരാജു മാധവന്, മദ്രാസ് സിവില്‍ വിഭാഗം മേധാവി പ്രഫ. മനു സന്താനം തുടങ്ങിയവര്‍ സംസാരിച്ചു. മദ്രാസ് ഐ.ഐ.ടി പ്രഫ. സചിന് എസ്. ഗുന്തെ, മൂന്നാര്‍ എൻജിനീയറിങ് കോളജിലെ സിവില്‍ എൻജിനീയറിങ് വിഭാഗം പ്രഫ. ബിജു എന്നിവരാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.