മൂന്നാർ: ഇടുക്കിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസിമേഖലയിലുമടക്കം ദുരന്ത മുൻകരുതലിെൻറ ഭാഗമായി ആശയവിനിമയ സൗകര്യം ഉറപ്പാക്കണമെന്ന് ദേവികുളം സബ്കലക്ടറുടെ റിപ്പോർട്ട്. പെട്ടിമുടി ദുരന്തം പുറംലോകം അറിയാൻ കാലതാമസമുണ്ടാക്കിയ കണക്കിലെടുത്ത് സബ് കലക്ടർ പ്രേം കൃഷ്ണനാണ് കലക്ടർ എച്ച്. ദിനേശന് റിപ്പോർട്ട് നൽകിയത്. അപകടം അറിയുന്നത് വൈകുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനാകാതെ ദുരന്തവ്യാപ്തി വർധിക്കുന്ന സാഹചര്യമാണുള്ളത്.
പെട്ടിമുടിയിൽ രാത്രി ഉരുൾപൊട്ടലുണ്ടായത് മൊബൈൽ സേവനം ലഭിക്കാത്തതിനാൽ പിറ്റേന്നാണ് പുറത്തറിഞ്ഞത്. വൈദ്യുതി അടക്കവും ലാൻഡ്ഫോൺ സൗകര്യവുമില്ലായിരുന്നു. മൂന്നാർ തോട്ടം മേഖലയിലെ പല ഭാഗങ്ങളിലും മൊബൈൽ കവറേജില്ല. ബി.എസ്.എൻ.എൽ സേവനങ്ങളാണ് ചിലയിടത്തുള്ളത്. മഴ ശക്തമായൽ വൈദ്യുതി നിലക്കും. ഇതോടെ മൊബൈൽ കവറേജും ഇല്ലാതാകും. പെട്ടിമുടിക്ക് പിന്നാലെ കുറത്തിക്കുടിയിൽ ചങ്ങാടം മറിഞ്ഞ് ഒമ്പതുപേർ ഒഴുക്കിൽപ്പെട്ട സംഭവവും പുറംലോകമറിയാൻ മണിക്കൂറുകളെടുത്തു.
സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും മൊബൈൽ റേഞ്ചില്ല. എന്തെങ്കിലും അപകടം നടന്നാൽ 15 കിലോമീറ്റർ കാൽനടയായി പെട്ടിമുടിയിലും രാജമലയിലും എത്തിവേണം വിവരം നൽകാൻ. മൊബൈൽ കവറേജും ആശയവിനിമയവും യാഥാർഥ്യമാക്കുകയാണ് ആദ്യ പരിഹാരം. മൂന്നാർ മേഖലക്ക് മാത്രമായി ദുരന്തനിവാരണ പ്രത്യേക ദൗത്യസംഘമുണ്ടാകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിച്ച സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി നിലനിർത്തുന്നത് പരിഗണിക്കാമെന്ന ശിപാർശയും കത്തിലുണ്ട്.
ദുരന്ത മേഖലയിൽ പരിശീലനം ലഭിച്ചവരില്ല; വെല്ലുവിളിയേറെ
തൊടുപുഴ: തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളടക്കം നേരിടുന്നതിനും മുന്നൊരുക്കം നടത്തുന്നതിനും ജില്ലയിൽ കൂടുതൽ ജാഗ്രതയും തയാറെടുപ്പുകളും കാര്യക്ഷമമാക്കണമെന്ന് പ്രത്യേക ദൗത്യസംഘവും കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പെട്ടിമുടി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ദൗത്യസംഘം തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ദുരന്തനിവാരണ ജോലികളിൽ ഏർപ്പെടുന്നവർക്ക് ആധുനിക സജ്ജീകരണങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരനും വകുപ്പിൽ ഇല്ലാത്ത സ്ഥിതിയുണ്ട്. പെട്ടിമുടിക്ക് സമാനമായി ഇടമലക്കുടിയടക്കമുള്ള വനമേഖലയിലും ജില്ലയിലെ മറ്റ് വിദൂര പ്രദേശങ്ങളിലും മൊബൈൽ നെറ്റ്വർക്ക് കണക്ടിവിറ്റി ഇല്ലാത്തതാണ്. ഇത്തരം പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുണ്ട്.
ഇത്തരം പ്രദേശങ്ങളിൽ വിവരവിനിമയത്തിനായി വയർലെസ് റേഡിയോ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ താലൂക്ക് തലത്തിൽ വിന്യസിക്കണം. കൂടാതെ, ദുരന്ത മേഖലയിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിലെ സിവിൽ ഡിഫൻസ് വിഭാഗത്തിന് നൽകുന്നതുപോലുള്ള പ്രത്യേക പരിശീലനം റവന്യൂവകുപ്പ് ജീവനക്കാർക്ക് ലഭ്യമാക്കണം.
പ്രതികൂല സാഹചര്യങ്ങളിൽ വിവരവിനിമയത്തിനുതകുന്ന വിധത്തിൽ നിശ്ചിത ഫ്രീക്വൻസി സ്പെസിഫിക്കേഷനുള്ള റേഡിയോ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ റവന്യൂ വകുപ്പിൽ സജ്ജമാക്കേണ്ടത് പ്രധാനമാണ്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ മതിയായ വാഹനങ്ങൾ ലഭ്യമാക്കുക. ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിൽ ഡെപ്യൂട്ടി കലക്ടറെ നിയമിക്കേണ്ടതും ജില്ല ദുരന്തനിവാരണ ജോലികളുടെ ചുമതലകളും മേൽനോട്ടവും ഡെപ്യൂട്ടി കലക്ടറിൽ നിക്ഷിപ്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.