ദീ​പാ​ങ്ക​ർ ക​ൻ​വ​ർ ഗു​രു​ സു​ദീ​പി​നൊ​പ്പം ഗെ​യിം​സ് വേ​ദി​യി​ൽ

കേരളത്തിനായി ദീപാങ്കറിന്‍റെ സ്വർണനേട്ടം; ആഹ്ലാദം അസമിലും

മൂന്നാർ: അസമിൽ ജനിച്ച് മൂന്നാറിൽ വളർന്ന് കായിക കേരളത്തിന്‍റെ അഭിമാനമാകുകയാണ് ദീപാങ്കർ കൻവർ എന്ന കൗമാരക്കാരൻ. കേരള ഒളിമ്പിക് അസോ. സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസിൽ കരാട്ടേ മത്സരത്തിൽ സ്വർണം നേടിയാണ് ദീപാങ്കർ അഭിമാനമായത്. തിരുവനന്തപുരത്ത് നടന്ന ഗെയിംസിലാണ് ജില്ലയെ പ്രതിനിധീകരിച്ച് ദീപാങ്കറും സംഘവും കളത്തിലിറങ്ങിയത്. കത്താ വിഭാഗത്തിൽ സ്വർണം നേടുകയും ചെയ്തു. മൂന്നാർ പീച്ചാടിലുള്ള സുദീപിന്‍റെ ഗുരുകുല കരാട്ടേ പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിയാണ് ദീപാങ്കർ. അസമിലെ ടിൻസുചിയ ജില്ലയിലെ മാർഗരീത്തയാണ് ദീപാങ്കറിന്‍റെ ജന്മസ്ഥലം. ഇതേ സ്ഥലത്തുനിന്നാണ് സുദീപ് വിവാഹം കഴിച്ചത്. ഈ പരിചയമാണ് ജയന്ത കൻവാർ-ജോസ്ന ദമ്പതികളുടെ മകനായ ദീപാങ്കറെ കേരളത്തിലെത്തിച്ചത്.

രണ്ടര വയസ്സുള്ളപ്പോൾ പഠനം നടത്താനായി സുദീപും ഭാര്യ മോനുവും ചേർന്ന് ദീപാങ്കറിനെ മൂന്നാറിലെത്തിച്ചു. മാങ്കുളം സ്കൂളിലെ പഠനത്തിനൊപ്പം കരാട്ടേ പരിശീലനവും തുടർന്നു. കത്താ, കുമിത്തെ വിഭാഗങ്ങളിൽ രാജ്യത്തെ തന്നെ മികച്ച താരമായി. സ്കോട്‌ലൻഡിൽ നടന്ന ലോകകപ്പിൽ കത്ത വിഭാഗത്തിൽ വിജയം നേടി. ഡൽഹിയിലെ സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാംസ്ഥാനവും കേരളത്തിന്‍റെ ഈ വളർത്തുപുത്രൻ സ്വന്തമാക്കി. ഒരു തവണ ദേശീയ ചാമ്പ്യനും പലവട്ടം തുടർച്ചയായി സംസ്ഥാന ചാമ്പ്യനുമായി. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുന്ന ദീപാങ്കറിന്‍റെ ഓരോ നേട്ടത്തിലും ജന്മനാടായ അസമിലും ആഹ്ലാദം അലയടിക്കുന്നു.

Tags:    
News Summary - Deepankar wins gold for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.